മാധ്യമങ്ങള്‍ക്കു മുന്നില്‍ ക്ഷുഭിതനായത് ഒറ്റത്തവണ, അതും കുട്ടികള്‍ക്കു വേണ്ടി

സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ .കണ്ണൂരിന്റെ കാര്‍ക്കശ്യത്തില്‍ നിന്ന് പരുവപ്പെട്ട നേതാവായിട്ട് കൂടി അവസാനം വരെ കോടിയേരി തന്റെ വ്യത്യസ്ത ശൈലി അതേ പടി കാത്ത് സൂക്ഷിച്ചു-ആര്‍ അജയ്‌ഘോഷ് എഴുതുന്നു
.

kodiyeri balakrishnan Smiling face of CPM

പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ കോടിയേരി ക്ഷുഭിതനായി സംസാരിക്കുന്ന ഒരവസരം മാത്രമേ കണ്ടിട്ടുള്ളു, അത് സ്വാശ്രയസമര കാലത്ത് യൂണിവേഴ്‌സിറ്റി  കോളേജില്‍ കയറി പോലീസ് വിദ്യാര്‍ഥികളെ തല്ലിയപ്പോഴായിരുന്നു. പോലീസിനെ കാമ്പസില്‍ നിന്ന പുറത്താക്കണമെന്നാവശ്യപ്പെട്ട് ടി ശിവദാസമേനോനൊപ്പം കോടിയേരി കോളേജിലെത്തി. അന്ന് കോടിയേരിയുടെ വ്യത്യസ്തമായൊരു മുഖം മാധ്യമങ്ങള്‍ കണ്ടു. അന്നും കോടിയേരി വഴക്കുണ്ടാക്കിയത്  അടി കൊണ്ടവശരായ കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു-ആര്‍ അജയ്‌ഘോഷ് എഴുതുന്നു
 

kodiyeri balakrishnan Smiling face of CPM

 

സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ .കണ്ണൂരിന്റെ കാര്‍ക്കശ്യത്തില്‍ നിന്ന് പരുവപ്പെട്ട നേതാവായിട്ട് കൂടി അവസാനം വരെ കോടിയേരി തന്റെ വ്യത്യസ്ത ശൈലി അതേ പടി കാത്ത് സൂക്ഷിച്ചു. പാര്‍ട്ടിയില്‍ കോടിയേരിക്കോ, കോടിയേരിക്ക് പാര്‍ട്ടിയിലോ ശത്രുക്കളില്ലായിരുന്നു. ആര്‍എസ്എസ് നേതാക്കളടക്കം രാഷ്ട്രീയ എതിരാളികളോടെല്ലാം എന്നും അദ്ദേഹം  മാന്യമായി മാത്രമേ പെരുമാറിയിട്ടുള്ളു.

പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ കോടിയേരി ക്ഷുഭിതനായി സംസാരിക്കുന്ന ഒരവസരം മാത്രമേ കണ്ടിട്ടുള്ളു, അത് സ്വാശ്രയസമര കാലത്ത് യൂണിവേഴ്‌സിറ്റി  കോളേജില്‍ കയറി പോലീസ് വിദ്യാര്‍ഥികളെ തല്ലിയപ്പോഴായിരുന്നു. പോലീസിനെ കാമ്പസില്‍ നിന്ന പുറത്താക്കണമെന്നാവശ്യപ്പെട്ട് ടി ശിവദാസമേനോനൊപ്പം കോടിയേരി കോളേജിലെത്തി. അന്ന് കോടിയേരിയുടെ വ്യത്യസ്തമായൊരു മുഖം മാധ്യമങ്ങള്‍ കണ്ടു. അന്നും കോടിയേരി വഴക്കുണ്ടാക്കിയത്  അടി കൊണ്ടവശരായ കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു.

നിയമസഭാ പ്രസംഗങ്ങളിലും, പാര്‍ട്ടി യോഗങ്ങളിലും, ക്ലാസുകളിലും, വാര്‍ത്താസമ്മേളനങ്ങളിലും, സ്വകാര്യ സംഭാഷണങ്ങളിലുമെല്ലാം നര്‍മ്മം കലര്‍ത്തി, അതേസമയം തന്നെ വിഷയത്തിന്റെ ഗൗരവം ഒട്ടുംകളയാതെ കുറിക്ക് കൊള്ളുന്ന രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രത്യേക കഴിവ് കോടിയേരിക്കുണ്ടായിരുന്നു. പാര്‍ട്ടിയും മുന്നണിയും ഈ കോടിയേരി ശൈലി ആവോളം ഉപയോഗപ്പെടുത്തി. ഏത്ര ഗൗരവമായ പ്രശ്‌നവും നിഷ്പ്രയാസം പരിഹരിക്കാന്‍ കോടിയേരിക്കായി. 

ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്ത്  സിപിഎം -സിപിഐ തര്‍ക്കമുണ്ടായപ്പോള്‍ കാനം രാജേന്ദ്രനെ എകെജി സെന്ററിലേക്ക് വിളിച്ച് ചര്‍ച്ചകള്‍ക്ക് കോടിയേരി തുടക്കമിട്ടു. പിന്നീട് മാസം തോറും കൃത്യമായി ചേരുന്ന ഒരു സംവിധാനമായി ഇത് മാറി. സിപിഎം സിപിഐ അസ്വാരസ്യങ്ങള്‍ ഇല്ലാതായത് രണ്ടാം പിണറായി സര്‍ക്കാരിന് കാരണമായെന്ന് വിലയിരുത്തുമ്പോള്‍ കോടിയേരി ബാലകൃഷ്ണനെന്ന ശക്തനായ നേതാവിന്റെ കയ്യൊപ്പ് നമുക്ക് കാണാനാകും.

അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടം മുതല്‍ തുടങ്ങിയ അതി ദീര്‍ഘമായ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഒരിടത്തും കോടിയേരി രണ്ടാമനായില്ല. തലയെടുപ്പോടെ നേതൃനിരയില്‍ ഉയര്‍ന്നു നിന്നു. വിഎസ് പിണറായി പോരിന്റെ വിഭാഗീയ കാലത്ത് കടുത്ത പിണറായി പക്ഷക്കാരനായിരുന്നു കോടിയേരി. അദ്ദേഹത്തിന്റെ വിശ്വസ്തനും മന:സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു. പക്ഷേ കോടിയേരി ഒരിക്കലും വിഎസിനെ തള്ളിപറഞ്ഞില്ല. കണ്ണൂരിലെ പല നേതാക്കളും അന്ന് വിഎസിനെതിരെ പരിഹാസം ചൊരിഞ്ഞപ്പോഴും കോടിയേരി എല്ലാ ബഹുമാനവും വിഎസിന് നല്‍കിയിരുന്നു.  വിഎസേ എന്നല്ലാതെ കോടിയേരി അദ്ദേഹത്തെ ഒന്നും വിളിച്ചിട്ടില്ല.

വിഎസിനെ പാര്‍ട്ടിക്ക് പുറത്തേക്ക് കൊണ്ട് പോകാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ എല്ലാത്തിനും തടയിട്ടത് കോടിയേരിയാണ്. കടുത്ത നിലപാടിലേക്കൊന്നും പോകാതെ പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കണമെന്ന് അദ്ദേഹത്തോട് കോടിയേരി നിരന്തരം ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴ സമ്മേളനത്തില്‍ നിന്നിറങ്ങി  വിഎസ് പാര്‍ട്ടിയില്‍ കലാപം ഉണ്ടാക്കി തലസ്ഥാനത്തേക്ക് തിരിച്ച് പോയപ്പോഴും കോടിയേരി അദ്ദേഹവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം രാജി വക്കുമെന്ന് ഭീഷണി മുഴക്കിയ വിഎസിനെ തണുപ്പിച്ചത് അന്ന് കോടിയേരിയുടെ ഇടപെടലായിരുന്നു.

വിഎസ് അച്ചുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തരവും വിജിലന്‍സും വകുപ്പുകള്‍ കൈകാര്യം  ചെയ്തിരുന്ന ശക്തനായ നേതാവായിരുന്നു കോടിയേരി. അന്ന് പല വിഷയങ്ങളില്‍ പെട്ട് ആടിയുലഞ്ഞ സര്‍ക്കാരിനെ പിടിച്ച് നിര്‍ത്തിയത് കോടിയേരിയുടെ തന്ത്രങ്ങളയിരുന്നു.

എത്രയോ വിഷയങ്ങളില്‍  അന്ന് മുഖ്യമന്ത്രി  വിഎസ് അച്ചുതാനന്ദന്‍ പാര്‍ട്ടിക്കും പാര്‍ട്ടി മന്ത്രിമാര്‍ക്കും എതിരായിരുന്നു. വിഎസിന്റെ  വാര്‍ത്താ സമ്മേളനങ്ങള്‍ പലപ്പോഴും പാര്‍ട്ടിയെ വെട്ടിലാക്കി. എഡിബി ലോണ്‍ മുതല്‍ എസ്എന്‍സി ലാവലിന്‍ വിഷയം വരെ മുഖ്യമന്ത്രി പാര്‍ട്ടിയെ വെല്ലുവിളിച്ചു. പലപ്പോഴും മന്ത്രിസഭ  മറിയുമെന്ന സ്ഥിതിയുണ്ടായി. അന്നെല്ലാം മുഖ്യമന്ത്രിയെ തണുപ്പിച്ച് കാര്യങ്ങള്‍ മുന്നോടട് കൊണ്ട് പോയത് കോടിയേരിയായിരുന്നു.

ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി കൊടുക്കേണ്ടെന്നായിരുന്നു പാര്‍ട്ടി തീരുമാനം. പക്ഷേ വി എസ് എതിര്‍ത്തു. മന്ത്രിസഭായോഗത്തില്‍ കടുത്ത തര്‍ക്കമുണ്ടായി. മുഖ്യമന്ത്രി വിഎസ് ഒരു ഭാഗത്ത്, സിപിഎം മന്ത്രിമാര്‍ മറുഭാഗത്ത്. എന്ത് ചെയ്യണമെന്നറിയാതെ മറ്റ് മന്ത്രിമാര്‍. പ്രോസിക്യൂഷന് അനുമതി നല്‍കുന്നില്ലെങ്കില്‍ തന്റെ അഭിപ്രായം മറിച്ചാണെന്ന് വാര്‍ത്താസമ്മേളനം നടത്തി പറയുമെന്ന് വിഎസ് തുറന്നടിച്ചു. എങ്കില്‍ നമുക്കിതെല്ലാം അവസാനിപ്പിക്കാമെന്ന് ആര്‍എസ് പി നേതാവ്  എന്‍കെ പ്രേമചന്ദ്രന്‍ മന്ത്രിസഭായോഗത്തെ അറിയിച്ചു. സി ദിവാകരനും ഇതേ അഭിപ്രായം പറഞ്ഞു. നീണ്ട നിശ്ശബ്ദതറക്കിടെ വിഎസുമായി പ്രത്യേകം സംസാരിച്ച് കോടിയേരി പ്രശ്‌നം പരിഹരിച്ചു. മന്ത്രിസഭായോഗ തീരുമാനത്തിനൊപ്പമല്ല താനെന്ന് വിഎസ് ഗവര്‍ണറെ അറിയിച്ചു. ഒടുവില്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കി.

Read more: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‍ണന്‍ അന്തരിച്ചു

ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത ശേഷം കോടിയേരി ബാലകൃഷ്ണന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചു. അടിയന്തരാവസഥയിലെ തടവുകാല ഓര്‍മകള്‍ മനസില്‍ സൂക്ഷിച്ച് അദ്ദേഹം തടവുകാരുമായി വളരെ സൗഹാര്‍ദ്ദത്തോടെ ഇടപെട്ടത് അന്ന് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മായാത്ത ഓര്‍മ്മയാണ്. 

'സാറേ, ഞങ്ങള്‍ക്കിവിടെ ബീഡി വലിക്കാന്‍ കിട്ടുന്നില്ല', അന്ന് ഒരു തടവുകാരന്‍ പരാതി പറഞ്ഞത് കൂട്ടച്ചിരിക്കിടയാക്കി. പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി വാക്ക് കൊടുത്തു.അതില്‍ തീരുമാനമെടുക്കുകയും ചെയ്തു. പിന്നീട് തടവുകാരുമായി അദ്ദേഹം സംസാരിച്ചു.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളോട്, 'എന്താ കുറ്റ'മെന്ന് കോടിയേരി ചോദിച്ചു.

'ഒരാള്‍ക്ക് ഒരടി കൊടുത്തതാ സാറേ'  -തടവുകാരന്റെ മറുപടി.

'ഒരടിക്ക് ജിവപര്യന്തമോ?'- കോടിയേരി അല്‍ഭുതത്തോടെ ചോദിച്ചു.

'അതേ സാറേ,  ഒറ്റയടിക്ക് അയാള്‍ മരിച്ച് പോയി'-പിന്നെയും കൂട്ടച്ചിരി.

ഇങ്ങനെ ഔപചാരികതകളൊന്നുമില്ലാതെ തടവുകാരുമായി സംസാരിച്ച് മടങ്ങിപ്പോയ കോടിയേരി ജയില്‍ പരിഷ്‌കരണത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്തു. പോലീസിലും ജയില്‍ വകുപ്പിലുമെല്ലാം ഇത്രയധികം പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ കാലം പിന്നീടുണ്ടായിട്ടില്ല. കേരളത്തിലെ മതസാമുദായിക നേതാക്കളുമായെല്ലാം നല്ല ബന്ധം കാത്ത് സൂക്ഷിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫിന്റെ തുടര്‍ഭരണം ഈ നല്ല ബന്ധത്തിന്റെ മറ്റൊരു റിസല്‍ട്ടാണ്. പിബി അംഗമെന്ന നിലയിലും പാര്‍ട്ടിയുടെ  സംസ്ഥാന സെക്രട്ടറിയെന്ന നിലയിലും  കൃത്യമായ ബന്ധം സമസ്ത ഘടകങ്ങളിലും വച്ച് പുലര്‍ത്തിയിരുന്ന കോടിയേരി എന്ന അതികായന്റെ വിയോഗം അക്ഷരാര്‍ഥത്തില്‍ പാര്‍ട്ടിക്ക് വന്‍ നഷ്ടം തന്നെയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios