സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന, സമരം സര്‍ക്കാരിനെ തകർക്കാന്‍; ജനങ്ങളെയിറക്കി നേരിടുമെന്ന് കോടിയേരി
സ്വർണക്കടത്ത് കേസ് കേന്ദ്ര ഏജൻസിയാണ് എടുത്തത്. സ്വർണം അയച്ച വ്യക്തിയേയും സ്വീകരിച്ച വ്യക്തിയേയും എല്ലാവർക്കും അറിയാം. പക്ഷേ ഇവരെ ആരെയും പിടിച്ചില്ല. ബിജെപിയിലേക്ക് അന്വേഷണം എത്തുന്നു എന്ന് കണ്ടപ്പോഴാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍.
കോഴിക്കോട്: ബിജെപിയിലേക്ക് എത്തിയപ്പോഴാണ് സ്വര്‍ണ്ണക്കടത്ത് കേസിന്‍റെ അന്വേഷണം നിലച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വര്‍ണം അയച്ചവരെയും സ്വീകരിച്ചയാളെയും എല്ലാവര്‍ക്കും അറിയാം. എന്നാല്‍, അന്വേഷണ ഏജന്‍സി ഇവരെ പിടിച്ചില്ല. സമരങ്ങളെ ജനങ്ങളെ രംഗത്തിറക്കി നേരിടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മതനിന്ദ നടത്തുന്നത് തെറ്റാണെന്ന് പറയാൻ ബിജെപി തയ്യാറാകുന്നില്ല. ഇന്ത്യ മതാധിഷ്ഠിത രാജ്യമായി മാറുകയാണ്. ഭൂരിപക്ഷ വർഗ്ഗീയതയെ ആയുധം കൊണ്ട് തോൽപ്പിക്കാമെന്ന് ചിലർ കരുതുന്നു. കമ്യൂണിസ്റ്റ് ആശയങ്ങൾ കൊണ്ടാണ് അതിനെ തോൽപ്പിക്കാനാവുക. കോൺഗ്രസ്, എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് എല്ലാവരും കൂടി ഒരു മുന്നണിയാവുകയാണ്. ആര്‍എസ്എസിനെ എല്ലവിധത്തിലും യുഡിഎഫ് പ്രോത്സാഹിപ്പിക്കുകയാണ്. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയം കളിച്ചാൽ നാട് തകരും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനോട് കൂടി എല്‍ഡിഎഫിന്‍റെ കഥ കഴിക്കാമെന്ന് കരുതി. എന്നാല്‍ അത് നടന്നില്ല. ഇതിനായി എല്‍ഡിഎഫ് വിരുദ്ധ ശക്തികളെ ഏകോപിപ്പിച്ചു. മാധ്യമങ്ങൾ അവരുടെ കൂടെ കൂടി. ഒരവസരം കിട്ടാൻ കാത്തിരിക്കുകയാണ് എതിരാളികൾ. എന്നാല്‍ എല്ലാം ചീറ്റിപ്പോയപ്പോൾ പുതിയ കഥയുമായി ഇറങ്ങിയിരിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Also Read: മൊഴിയിലുറച്ച് നില്‍ക്കുന്നെന്ന് സ്വപ്ന; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞു, കുഴഞ്ഞുവീണു
സ്വർണക്കടത്ത് കേസ് കേന്ദ്ര ഏജൻസിയാണ് എടുത്തത്. ഡിപ്ലോമാറ്റ് പാർസൽ വഴി സ്വർണം കടത്താൻ അതുമായി ബന്ധപ്പെട്ടവർക്കേ കഴിയൂ. സ്വർണം അയച്ച വ്യക്തിയേയും സ്വീകരിച്ച വ്യക്തിയേയും എല്ലാവർക്കും അറിയാം. പക്ഷേ ഇവരെ ആരെയും പിടിച്ചില്ല. ബിജെപിയിലേക്ക് അന്വേഷണം എത്തുന്നു എന്ന് കണ്ടപ്പോഴാണ് സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണം അവസാനിപ്പിച്ചത്. അന്ന് പ്രചരിപ്പിച്ചതെല്ലാം തെറ്റാണെന്ന് മനസിലായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരും കേസില്‍ ഉൾപ്പെട്ടിട്ടില്ല എന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് സ്വപ്ന തന്നെ പറഞ്ഞു. പിന്നീട് 164 മൊഴിയിൽ ഒന്നും ഇല്ലാത്ത കാര്യങ്ങൾ കഥകളായി ഇറക്കാൻ തുടങ്ങി. അതിനെല്ലാം അൽപ്പായുസ്സ് മാത്രമാണ് ഉണ്ടായതെന്നും കോടിയേരി വിമര്‍ശിച്ചു.
സര്‍ക്കാരിനെ തകർക്കുക എന്നത് മാത്രമാണ് ഉദ്ദേശം. രണ്ടാമതും അധികാരത്തിൽ വന്നപ്പോൾ ഈ സർക്കാരിനെ പെട്ടെന്ന് പൂട്ടാനാവില്ലെന്ന് മനസിലായി. പൊതുജനമധ്യത്തിൽ മുഖ്യമന്ത്രിയേയും പാർട്ടിയേയും തകർക്കാനുള്ള ശ്രമം നടക്കുകയാണെന്നും കോടിയേരി ആരോപിച്ചു. കെ ടി ജലീലിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം നടത്തുന്നത്. ഇതിനെല്ലാം പിന്നിൽ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. വ്യക്തമായ ഗൂഢാലോചനയില്ലാതെ നേരത്തെ പറയാതെ പറഞ്ഞ കാര്യം ഇപ്പോൾ എങ്ങനെ പറയുമെന്നും അദ്ദേഹം ചോദിച്ചു. ആരെക്കുറിച്ചും എന്തും പറയാമെന്ന അവസ്ഥ വന്നാൽ കേരളത്തിന്‍റെ അവസ്ഥയെന്താകുമെന്നും കോടിയേരി ചോദിച്ചു. സമരാഭാസങ്ങൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങില്ല. സമരങ്ങളെ സർക്കാർ നേരിടുമെന്നും ജനങ്ങളെ രംഗത്തിറക്കി ബഹുജന അടിത്തറ ശക്തമാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.