കേന്ദ്രമന്ത്രിമാര്‍ക്ക് വിമര്‍ശനം, എംഎം മണിയുടെ വിവാദ പരാമര്‍ശം ; നിലപാട് വ്യക്തമാക്കി കോടിയേരി
ദേശീയ പാതാ വികസനം കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയാണ്. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനമാണ് വഹിച്ചത്. കേന്ദ്ര മന്ത്രിമാരുടെ ഇടപെടൽ സദുദ്ദേശപരമല്ലെന്നും കോടിയേരി
തിരുവനന്തപുരം : എസ് ജയശങ്കര്‍ അടക്കമുള്ള കേന്ദ്രമന്ത്രിമാരെ വിമര്‍ശിച്ചും കെകെ രമക്കെതിരായ അധിക്ഷേപ പ്രസംഗത്തിൽ എംഎം മണിയെ തള്ളാതെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്ര മന്ത്രിമാര്‍ സംസ്ഥാനത്ത് നടത്തുന്ന ഇടപെടൽ സദുദ്ദേശപരമല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ വികസന പദ്ധതികളെല്ലാം കേന്ദ്രത്തിന്റേതാണെന്നാണ് അവകാശപ്പെടുന്നത്. കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികൾ പോലും നടപ്പാക്കുന്നില്ല. നേമം ടെർമിനൽ കോച്ച് ഫാക്ടറി ഇതിനുദാഹരണമാണെന്നും കോടിയേരി പറഞ്ഞു. വിവിധ റെയിൽ പദ്ധതികൾ പ്രഖ്യാപിച്ച ശേഷം കേന്ദ്രം ഉപേക്ഷിച്ചു. ദേശീയ പാതാ വികസനം കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയാണ്. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനമാണ് വഹിച്ചത്. കേന്ദ്ര മന്ത്രിമാരുടെ ഇടപെടൽ സദുദ്ദേശപരമല്ലെന്നും കോടിയേരി വിമര്‍ശിച്ചു.
വടകര എംഎൽഎ കെ കെ രമക്ക് എതിരായ എംഎം മണിയുടെ പ്രസ്താവന നിയമസഭയ്ക്ക് ഉള്ളിൽ നടന്നതാണെന്നും അതവിടെ തീര്‍ക്കാമെന്നുമാണ് കോടിയേരിയുടെ പ്രതികരണം. നിയമസഭയിൽ പറഞ്ഞത് അവിടെ അവസാനിപ്പിക്കുകയെന്നതാണ് നിലപാട്. അൺപാര്‍ലനെന്ററിയായി ഒന്നുമില്ലെന്നാണ് സ്പീക്കര്‍ ഇക്കാര്യത്തിൽ സഭയെ അറിയിച്ചത്. അത് അവിടെ അവസാനിപ്പിക്കണെ. പരാമര്‍ശങ്ങൾ പ്രസംഗ ശൈലിയിൽ വന്നതാണ്. മണി പറഞ്ഞത് സിപിഎമ്മിനും ഇടത് പക്ഷത്തിനും ടിപി വധകേസിൽ പങ്കില്ലെന്ന് വ്യക്തമാക്കാനാണ്. ഇടുക്കിയിലെ എസ് എഫ് ഐ പ്രവര്‍ത്തകൻ ധീരജിന്റെ കൊലപാതകം ഏത് ജഡിജിയുടെ വിധിയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനോട് കോടിയേരി ചോദിച്ചു.
'രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണം', പരാമര്‍ശത്തിൽ ഖേദമില്ല, തിരുത്തില്ല': എംഎം മണി
പാർലമെന്റിലെ വാക്ക് നിരോധനത്തിലും കോടിയേരി പ്രതികരിച്ചു. നിരോധനം ഏകാധിപത്യമാണെന്നും അടിയന്തരാവസ്ഥയേക്കാൾ മോശം രീതിയാണിപ്പോഴുള്ളതെന്നും കോടിയേരി വിമര്‍ശിച്ചു. ഇത് അപകടകരമായ പോക്കാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
'അത് പറയാൻ പാടില്ലാത്തതാണ്'; എം.എം മണിയുടെ പരാമർശത്തിൽ ചെയർ ഇ കെ വിജയൻ