കൊടകരയിലെ കുഴൽപ്പണം ആർക്ക്? രാഷ്ട്രീയ പാർട്ടി ഏതെന്ന് വ്യക്തമല്ലെന്ന് ഡിജിപി
ഏത് രാഷ്ട്രീയപാർട്ടിക്ക് വേണ്ടി കൊണ്ടുവന്ന പണമാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അന്വേഷണവും ചോദ്യം ചെയ്യലും തുടരുന്നുവെന്നും ഡിജിപി.
തൃശ്ശൂർ: തൃശ്ശൂരിലെ കൊടകരയിൽ ഒരു ദേശീയപാർട്ടിക്കായി കൊണ്ടുവന്ന കുഴൽപ്പണം കവർന്ന സംഭവത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി ഡിജിപി ലോക്നാഥ് ബെഹ്റ. കുഴൽപ്പണം കൊണ്ടുവന്നത് ഏത് പാർട്ടിക്ക് വേണ്ടിയാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഡിജിപി നൽകിയ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും, ചോദ്യം ചെയ്യൽ നടക്കുന്നതായും ഡിജിപി വിശദീകരിക്കുന്നു. തൃശ്ശൂർ എസ്‍പിയുടെ റിപ്പോർട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്.
അതേസമയം, വാഹനക്കവർച്ചക്കേസിൽ ഒൻപത് പേരാണ് ഇത് വരെ കസ്റ്റഡിയിലായിട്ടുള്ളത്. ക്വട്ടേഷൻ സംഘത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ, തൃശ്ശൂർ സ്വദേശികളാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും തൃശ്ശൂർ റൂറൽ എസ്പി ജി പൂങ്കുഴലി വ്യക്തമാക്കി
കവർച്ചയിൽ നേരിട്ട് പങ്കെടുത്ത 7 പേരും ഇവർക്ക് താമസമൊരുക്കിയ രണ്ട് പേരുമാണ് പിടിയിലായത്. എറണാകുളത്തെ ഒളിസങ്കേതത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്താൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്. വാഹനത്തിൽ പണം കൊണ്ടുപോകുന്ന വിവരം എങ്ങനെ ചോർന്നു കിട്ടി, ഈ പണം എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് ഇനി അറിയേണ്ടത്. സംഭവത്തിൽ പ്രധാന പ്രതിയെന്ന് കരുതുന്ന രഞ്ജിത്തിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
എറണാകുളത്ത് പ്രതികൾക്കൊപ്പം താമസിച്ചിരുന്ന രഞ്ജിത്ത് പൊലീസെത്തിയ സമയത്ത് സംഘത്തിലുണ്ടായിരുന്നില്ല. വ്യാപാര ആവശ്യത്തിനായുള്ള 25 ലക്ഷം രൂപയും കാറും കവർന്നുവെന്നാണ് കോഴിക്കോട് സ്വദേശി ധർമരാജന്‍റെ പരാതി. എന്നാൽ കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു ദേശീയ പാർട്ടിക്ക് വേണ്ടി കൊണ്ടുപോയ പണമാണെന്നുമാണ് ആരോപണം.
സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് വാഹന ഉടമ പരാതിയുമായി എത്തിയത് എന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. നഷ്ടപ്പെട്ട പണത്തിന്‍റെ സ്രോതസ് വെളിപ്പെടുത്താൻ പരാതിക്കാരന് നോട്ടീസ് നൽകിയെങ്കിലും ഇത് വരെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.