കൊടകര കുഴൽപ്പണ കേസ്: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും; ചൊവ്വാഴ്ച തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകണം
കോഴിക്കോട്ടെ വീട്ടിൽ എത്തിയാണ് പൊലീസ് നോട്ടീസ് നൽകിയത്. ബി ജെ പിയുടെ മൂന്നരക്കോടി രൂപ കൊടകരയിൽ നഷ്ടപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍.
തൃശ്ശൂര്‍: കൊടകര കുഴൽപ്പണകേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകി. ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകണം. എന്നാൽ, കെ സുരേന്ദ്രൻ ഹാജരായേക്കില്ലെന്നാണ് സൂചന.
കെ സുരേന്ദ്രൻ്റെ കോഴിക്കോട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയത്. കൊടകര കവർച്ചാ കുഴൽപ്പണകേസിലെ പരാതിക്കാരനായ ധർമരാജനും കെ സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചതിന്റെ പേരിലാണ് മൊഴിയെടുക്കുന്നത്. മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇരുപത്തിനാല് സെക്കൻഡ് നീണ്ട സംഭാഷണമായിരുന്നു. ഇതു കൂടാതെ കോന്നിയിൽ കെ സുരേന്ദ്രനും ധർമ്മരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിൻ്റെ തെളിവുകളും പൊലീസിൻ്റെ പക്കലുണ്ട്. നഷ്ടപ്പെട്ട കുഴൽപ്പണം ബിജെപിയുടേതാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇക്കാര്യം, ഇരിങ്ങാലക്കുട കോടതയിൽ പൊലീസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, അന്വേഷണ സംഘത്തോട് സഹകരിക്കേണ്ടെന്ന് ബിജെപി നേരത്തെ നിലപാട് എടുത്തിരുന്നു. സിപിഎമ്മിന്റെ തിരക്കഥയനുസരിച്ച് അന്വേഷണ സംഘം നേതാക്കളെ വേട്ടയാടുന്നുവെന്നായിരുന്നു ബിജെപിയുടെ ആരോപണം. അന്വേഷണ സംഘത്തിനു മുമ്പിൽ ഹാജരായില്ലെങ്കിലും കെ സുരേന്ദ്രന് എതിരെ നിയമനടപടിയ്ക്ക് സാധ്യതയില്ല. പക്ഷേ, ഹാജരായില്ലെങ്കിൽ രാഷ്ട്രീയ എതിരാളികൾ വിമർശിക്കാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഇതിനോടകം ഇരുപത്തിമൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കോടി 45 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona