'കൊടകരയിൽ പിടിച്ച പണം ധർമരാജന് നൽകരുത്', എതിർത്ത് പൊലീസ്, ഹർജി ഇന്ന് കോടതിയിൽ
കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിനോ, പ്രത്യേക സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തൃശ്ശൂർ: കൊടകര കേസിൽ പിടിച്ചെടുത്ത പണം തിരിച്ചു നൽകണമെന്ന ധർമരാജന്‍റെ ഹർജിയിൽ അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഇരിങ്ങാലക്കുട കോടതിയിലാണ് റിപ്പോർട്ട് നൽകുക. അന്വേഷണം പുരോഗമിക്കെ പണം വിട്ടു കൊടുക്കരുതെന്നാണ് പൊലീസിന്റെ നിലപാട്.
കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിക്കേണ്ടതുണ്ട്. ധർമരാജൻ നൽകിയ ഹർജിയും മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. ധർമരാജനൊപ്പം സുനിൽ നായിക്കും കാർ വിട്ട് കിട്ടണം എന്ന് ആവശ്യപ്പെട്ട് ഷംജീറും ഹർജി നൽകിയിട്ടുണ്ട്.
കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിനോ, പ്രത്യേക സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തൃശ്ശൂരിലെ ആന്‍റി കറപ്ഷൻ ആന്‍റ് ഹ്യൂമൺ റൈറ്റ്സ് പ്രോട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്‍റ് ഐസക് വർഗീസ് ആണ് ഹർജിക്കാരൻ. അന്തർ സംസ്ഥാന ബന്ധമുള്ള ഹവാല കേസിൽ ലോക്കൽ പോലീസ് അന്വേഷണം ഫലപ്രദമാകില്ല. ശാസ്ത്രീയമായി തെളിവ് ശേഖരിച്ച് അന്വേഷണം നടത്തുന്നതിൽ ലോക്കൽ പോലീസ് പരാജയപ്പെട്ടെന്നും ഹർജിക്കാരൻ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona