കൊച്ചിയിൽ വീണ്ടും കൊലപാതകം; ഇൻഫോപാർക്കിനടുത്തെ ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം
കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ നടന്ന രണ്ട് കൊലപാതകങ്ങൾ നാടിനെ നടുക്കിയിരുന്നു. എറണാകുളം നഗരത്തിലെ കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് ഒരു കൊലപാതകം നടന്നത്
കൊച്ചി: കൊച്ചി നഗരത്തെ നടുക്കി വീണ്ടും കൊലപാതകം. ഇൻഫോപാർക്കിലാണ് സംഭവം നടന്നത്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇൻഫോപാർക്ക് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ഫ്ലാറ്റിലെ ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേർ കൂടെ ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ നടന്ന രണ്ട് കൊലപാതകങ്ങൾ നാടിനെ നടുക്കിയിരുന്നു. എറണാകുളം നഗരത്തിലെ കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് ഒരു യുവാവിനെ കൊലപ്പെടുത്തിയത്. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത്. അരുൺ എന്നയാൾക്ക് പരിക്കേറ്റു. കുത്തേറ്റ മൂന്നാമൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ആശുപത്രിയിൽ നിന്ന് മുങ്ങിയിരുന്നു.
എറണാകുളം കാഞ്ഞിരമറ്റത്ത് ബാറിൽ ഉണ്ടായ തർക്കത്തിനിടെ യുവാവിന് വെട്ടേറ്റത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 11നാണ്. രാത്രി 9 മണിക്കാണ് സംഭവം നടന്നത്. ചാലക്കപ്പാറ പുറത്തേത്ത് സ്വദേശി റിനാസിനാണ് വെട്ടേറ്റത്. ഇയാളെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ മുറിവുകൾ ആഴത്തിലുള്ളതിനാൽ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഞ്ചാവ് മാഫിയയുടെ കുടിപ്പകയാണ് കാരണമെന്നായിരുന്നു തുടക്കത്തിൽ പൊലീസ് കരുതിയത്.
ഇതിന് തൊട്ടു തലേ നാൾ എറണാകുളം നഗരത്തിലെ ടൗൺ ഹാളിന് സമീപത്ത് കൊലപാതകം നടന്നിരുന്നു. ഹോട്ടലിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കൊല്ലം സ്വദേശി എഡിസണെ സുഹൃത്തായ മുളവുകാട് സ്വദേശി സുരേഷ് കഴുത്തിൽ കുപ്പി കുത്തിയിറക്കി കൊലപ്പെടുത്തിയത്. ഭക്ഷണം കവിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. ഈ കേസിൽ പ്രതി സുരേഷിനെ പൊലീസിന് പിടികൂടാനായിട്ടില്ല. ഇയാൾക്കായി ഇന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.