ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല, ആഘോഷിക്കാൻ എല്ലാവർക്കും അവകാശമുണ്ട്: ഗവർണർ

ഈ മാസം 17ന് താൻ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു. തന്‍റെ സന്ദേശം അതിലൂടെ വ്യക്തമാണെന്ന് ഗവർണർ. 

know nothing about attack on christmas celebration everybody has the right to celebrate says governor

തിരുവനന്തപുരം: പാലക്കാട്ടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണം തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. നിരുത്തരവാദികളായ ആളുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ എന്ത് പ്രതികരിക്കാനാണ്. ഈ മാസം 17ന് താൻ ക്രിസ്മസ് ആഘോഷം നടത്തിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. 

"ഈ മാസം 17ന് ഞാൻ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു. എന്‍റെ സന്ദേശം അതിലൂടെ വ്യക്തമാണ്. സ്വതന്ത്രമായി ആഘോഷം നടത്താനുള്ള  അവകാശം എല്ലാവർക്കും ഉണ്ട്"- ഗവർണർ പ്രതികരിച്ചു. തന്റെ ക്രിസ്മസ് ആഘോഷത്തിൽ സർക്കാർ പങ്കെടുക്കാത്തതിനെക്കുറിച്ച് അവരോട് ചോദിക്കണം. എല്ലാവരെയും ക്ഷണിച്ചിരുന്നുവെന്നും ഗവർണർ വ്യക്തമാക്കി.

അതേസമയം ക്രിസ്മസ് ആഘോഷങ്ങൾക്ക് എതിരെയുള്ള  ആക്രമണങ്ങൾ കേരളത്തിനും മലയാളികൾക്കും അപമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. സംസ്കാരശൂന്യരുടെ ആക്രമണമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഫെയ്സ്ബുക്കിൽ ക്രിസ്‌മസ് ആശംസ പങ്കുവെച്ച് എഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി ആക്രമണങ്ങളെ നിശിതമായി വിമർശിച്ചത്.

എല്ലാ ആഘോഷങ്ങളും സ്നേഹത്തിന്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ കാണാറുള്ളത്. ഒരു മതവിഭാഗത്തിന്‍റെ ആഘോഷങ്ങളിൽ മറ്റുള്ളവരും ഒത്തുചേരും. ഇതു കേരളത്തിന്‍റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങൾ തന്‍റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. മതങ്ങളെ മനുഷ്യത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മനോഹരാവിഷ്കാരങ്ങളായി നിലനിർത്തുന്ന ഉദാത്തമായ വിശ്വ മാനവികതയാണ് നമ്മുടെ കരുത്തെന്നും മുഖ്യമന്ത്രി കുറിച്ചു. 

പാലക്കാട് തത്തമംഗലത്ത്  ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി സ്കൂളിൽ ഒരുക്കിയിരുന്ന പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തകർത്ത സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. അതിന് മുൻപ് നല്ലേപ്പിള്ളി സ്കൂളിൽ ക്രിസ്മസ് ആഘോഷം വിഎച്ച്പി പ്രവർത്തകർ തടസ്സപ്പെടുത്തിയിരുന്നു. ഇവരെ അധ്യാപകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളത്തിനും മലയാളികൾക്കും അപമാനമെന്ന് മുഖ്യമന്ത്രി; ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ അപലപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios