പെർമിറ്റ് ലംഘിച്ചുള്ള ഭവന നിർമ്മാണം ക്രമപ്പെടുത്താൻ കെഎം ഷാജി നൽകിയ അപേക്ഷ തള്ളിയേക്കും
ഷാജിയുടെ വീട് നിർമ്മിച്ചതിൽ പെർമിറ്റ് ലംഘനമുണ്ടായി എന്ന് കാണിച്ച് കോഴിക്കോട് നഗരസഭാ അധികൃതർ ഇന്ന് ഇഡിക്ക് റിപ്പോർട്ട് നൽകുന്നുണ്ട്.
കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീട്ടിൽ പെർമിറ്റ് ലംഘിച്ചുള്ള ഭവനനിർമ്മാണം നടന്ന സംഭവത്തിൽ എംഎൽഎ കോഴിക്കോട് നഗരസഭയ്ക്ക് നൽകിയ അപേക്ഷ അപൂർണം. ഇഡിയുടെ നിർദേശ പ്രകാരം കോഴിക്കോട് വേങ്ങേരി വില്ലേജിൽ ഷാജിയുടെ വീടിൻ്റെ അളവെടുപ്പ് കോർപ്പറേഷൻ അധികൃതർ നടത്തിയിരുന്നു.
ഷാജിയുടെ വീട് നിർമ്മിച്ചതിൽ പെർമിറ്റ് ലംഘനമുണ്ടായി എന്ന് കാണിച്ച് കോഴിക്കോട് നഗരസഭാ അധികൃതർ ഇന്ന് ഇഡിക്ക് റിപ്പോർട്ട് നൽകുന്നുണ്ട്. 2013-ൽ 3200 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള വീട് നിർമ്മിക്കാനാണ് ഷാജി കോഴിക്കോട് കോർപറേഷനിൽ നിന്നും അനുമതി തേടിയത്. എന്നാൽ പരിശോധനയിൽ 5200 സ്ക്വയർ ഫീറ്റ് വിസ്തൃതി വീടിനുള്ളതായാണ് കണ്ടെത്തിയത്. വീട് വിസ്തൃതി കൂട്ടൂമ്പോൾ സർക്കാരിൽ നിന്നും നേടേണ്ട അനുമതിയൊന്നും ഷാജി തേടിയിട്ടില്ലെന്നും കോർപ്പറേഷൻ ഇഡിയെ അറിയിക്കും.
ഗൃഹപരിശോധനയ്ക്ക് ശേഷം വീട് പൊളിച്ചു കളയാൻ കെഎം ഷാജിക്ക് കോഴിക്കോട് കോർപ്പറേഷൻ നോട്ടീസ് നൽകുകയും പിന്നാലെ നിർമ്മാണം നിയമപരമാക്കാനായി ഷാജി കോർപ്പറേഷന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഈ അപേക്ഷ അപൂർണമാണെന്നും അതിനാൽ തള്ളേണ്ടി വരുമെന്നുമാണ് കോഴിക്കോട് കോർപ്പറേഷൻ വൃത്തങ്ങൾ നൽകുന്ന സൂചന.
2013-ൽ താൻ വീടിന് പെർമിറ്റ് എടുക്കുമ്പോൾ വേങ്ങേരി വില്ലേജിലെ പ്രദേശം ബഫർ സോണായിരുന്നുവെന്നും പിന്നീട് 2017-ൽ ബഫർ സോൺ പിൻവലിച്ചു. സൗകര്യപ്രദമായ രീതിയിൽ വീട് പുനക്രമീകരിക്കാൻ തനിക്ക് അവകാശമുണ്ടെന്നും അപേക്ഷയിൽ ഷാജി ചൂണ്ടിക്കാണിച്ചിരുന്നു. അനധികൃത നിർമ്മാണം നടന്നതായി കണ്ടെത്തിയെങ്കിലും നിയമപ്രകാരം തന്നെ പിഴ അടച്ച് തുടർനടപടി ഒഴിവാക്കാൻ ചട്ടപ്രകാരം ഷാജിക്ക് സാധിക്കും.
എന്നാൽ ഇതിനായി നൽകിയ ഈ അപേക്ഷയിൽ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളോ വീടിന് നികുതിയടച്ചതിൻ്റെ രേഖയോ ഷാജി ഹാജരാക്കിയിട്ടില്ല. എന്നാൽ ഈ അപേക്ഷ തള്ളിയാലും അടുത്ത 15 ദിവസം കൊണ്ട് ഷാജിക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാൻ സാവകാശമുണ്ടാവും.
കണ്ണൂർ അഴീക്കോട് സ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ കെഎം ഷാജി എംഎൽഎ 25 ലക്ഷം കോഴ വാങ്ങിയെന്ന കേസിൽ ഇഡി അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഷാജിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിക്കുന്നത്. ഇഡിയുടെ നിർദേശപ്രകാരം കോഴിക്കോട് നഗരത്തിലെ ഷാജിയുടെ വീടും കണ്ണൂരിൽ ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീട്ടിലും തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥർ അളവെടുപ്പ് നടത്തിയിരുന്നു.
കണ്ണൂരിലെ വീട്ടിൽ അപകാത കണ്ടില്ലെങ്കിലും കോഴിക്കോട്ടെ വീട്ടിൽ രേഖകളിൽ ഉള്ളതിലും അധികം നിർമ്മാണ പ്രവർത്തനം നടന്നതായി കണ്ടെത്തിയിരുന്നു. പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ കോഴിക്കോട് കോർപ്പറേഷൻ അധികൃതർ ഇന്ന് കോഴിക്കോട്ടെ എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് ഓഫീസിലെത്തി കൈമാറും. കണ്ണൂർ ചിറക്കൽ പഞ്ചായത്തും അവരുടെ പരിശോധന റിപ്പോർട്ട് ഇഡിക്ക് കൈമാറും.