'സർക്കാർ, ഉദ്യോഗസ്ഥരെ ബലിയാടാക്കി, ആഭ്യന്തര വകുപ്പറിയാതെ ഉദ്യോഗസ്ഥർക്ക് ഇതൊന്നും ചെയ്യാനാവില്ല': കെകെ രമ
ആഭ്യന്തര വകുപ്പറിയാതെ ഉദ്യോഗസ്ഥർക്ക് ഇതൊന്നും ചെയ്യാനാവില്ലെന്ന് കെകെ രമ പറഞ്ഞു. ഇങ്ങനെയൊരു ആഭ്യന്തര വകുപ്പ് പിരിച്ചുവിടുകയാണ് വേണ്ടതെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ കെകെ രമ പ്രതികരിച്ചു.
തിരുവനന്തപുരം: ടിപി വധക്കേസിലെ പ്രതികളെ വെറുതെ വിടാനുള്ള സർക്കാർ തീരുമാനത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകിയ നടപടിയിൽ പ്രതികരിച്ച് കെകെ രമ എംഎൽഎ. സർക്കാർ, ഉദ്യോഗസ്ഥരെ ബലിയാടാക്കിയെന്ന് കെകെ രമ പറഞ്ഞു. ആഭ്യന്തര വകുപ്പറിയാതെ ഉദ്യോഗസ്ഥർക്ക് ഇതൊന്നും ചെയ്യാനാവില്ല. ഇങ്ങനെയൊരു ആഭ്യന്തര വകുപ്പ് പിരിച്ചുവിടുകയാണ് വേണ്ടതെന്നും കെകെ രമ പ്രതികരിച്ചു.
സർക്കാരിന് ഇനിയൊന്നും ചെയ്യാൻ കഴിയില്ല. തെളിവുകൾ സഹിതമാണ് പുറത്തുവരുന്നത്. 22നാണ് ഏഷ്യാനെറ്റിലൂടെ വാർത്ത പുറത്തുവരുന്നത്. അതിന് ശേഷമാണ് എല്ലാവരും വാർത്ത അറിയുന്നത്. 22ന് ഉച്ചക്ക് ജയിൽമേധാവിയുടെ പ്രെസ് റിലീസ് വന്നു. അന്നേ ദിവസം വൈകുന്നേരം തന്നെ തൻ്റെ മൊഴിയെടുക്കാൻ പൊലീസ് വീട്ടിൽ വന്നു. അപ്പോൾ തന്നെ ഇത് കള്ളമാണെന്ന് തെളിഞ്ഞു. മൂന്നുപ്രതികളാണ് ഉള്ളതെന്നാണ് കരുതിയത്. ഇന്നലെ രാത്രിയാണ് സ്റ്റേഷനിൽ നിന്ന് ട്രൌസർ മനോജിനെ പുറത്തുവിടുന്നതിൽ എതിർപ്പുണ്ടോ എന്നതിൽ മൊഴിയെടുക്കാനായി വിളിക്കുന്നത്. ട്രൌസർ എന്നൊഴിവാക്കി മനോജ് എന്നാണ് പേര്. അത് മനസ്സിലാവാതിരിക്കാനാണ്. വളരെ കൃത്യമായി ആരുമറിയാതെ കൊണ്ടുപോകാമെന്നാണ് സർക്കാർ കരുതിയത്. 3-6-2024 ലെ കത്താണ് മാനദണ്ഡമായി പറയുന്നത്. ആ കത്തിന്റെ മാനദണ്ഡ പ്രകാരമുള്ള വിവരങ്ങളാണ് പൊലീസ് സ്റ്റേഷനിൽ മൊഴിയെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പും ആഭ്യന്തര മന്ത്രിയും അറിയാതെ മൂന്നാം തിയ്യതി അഡീഷ്ണൽ സെക്രട്ടറിക്ക് കത്ത് പുറത്തിറക്കാൻ കഴിയില്ലെന്നും കെകെ രമ കൂട്ടിച്ചേർത്തു.
മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവാണ് പുറത്തിറങ്ങിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്‍റെ ചുമതലയുള്ള ജോയിന്‍റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
https://www.youtube.com/watch?v=Ko18SgceYX8