കിരൺ കുമാറിനെ പിരിച്ചുവിട്ടതോടെ കണ്ണുതുറന്നു; മോട്ടോര്‍ വാഹന വകുപ്പിൽ പീഡന പരാതി കുറഞ്ഞെന്ന് ആന്റണി രാജു
വിസ്മയ കേസ് ഉണ്ടായി ദിവസങ്ങൾക്കകം തന്നെ മോട്ടര്‍ വഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇൻസ്പെക്ടര്‍ കിരൺ കുമാറിനെ പിരിച്ചുവിട്ട നടപടി വലിയ വിവാദമായിരുന്നു.
തിരുവനന്തപുരം: വിസ്മയ കേസ് ഉണ്ടായി ദിവസങ്ങൾക്കകം തന്നെ മോട്ടര്‍ വഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇൻസ്പെക്ടര്‍ കിരൺ കുമാറിനെ പിരിച്ചുവിട്ട നടപടി വലിയ വിവാദമായിരുന്നു. മന്ത്രി ആന്റണി രാജുവിന്റെ കര്‍ശന നിലപാടിനെ തുടര്‍ന്നായിരുന്നു നടപടി. 45 ദിവസത്തിനകം വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി കിരൺ കുമാറിനെതിരെ നടപടി ശുപാര്‍ശ ചെയ്യണമെന്നായിരുന്നു മന്ത്രിയുടെ ഉത്തരവ്. തൊട്ടടുത്ത ദിവസം തന്നെ പിരിച്ച് വിടൽ നടപടിയും മന്ത്രി പ്രഖ്യാപിച്ചു.
പിന്നാലെ വിവാദമായി. കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നതിന് മുൻപ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സര്‍വ്വീസിൽ നിന്ന് പിരിച്ച് വിട്ട നടപടിക്കെതിരെ സര്‍വ്വീസ് സംഘടനകൾ വിമര്‍ശനവുമായി എത്തി. നടപടി നിലനിൽക്കില്ലെന്ന് നിയമ വിദഗ്ധരിൽ ചിലര്‍ വിധിയെഴുതി. പിരിച്ച് വിടലിനെതിരെ കിരൺ കുമാര്‍ നിയമനടപടി സ്വീകരിച്ചാൽ കോടതി വരാന്തയിൽ പോലും സര്‍ക്കാര്‍ വാദം നിലനിൽക്കില്ലെന്ന് പരിഹാസവും പിന്നാലെ എത്തി. എന്നാൽ നടപടിയിൽ മോട്ടോര്‍ വാഹന വകുപ്പും മന്ത്രിയും ഉറച്ച് നിന്നെന്ന് മാത്രമല്ല ഇത്തരം കേസുകളിൽ ഇനി വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും പ്രഖ്യാപിച്ചു.
കിരൺ കുമാറിനെ പിരിച്ചുവിട്ട നടപടി ഉദ്യോഗസ്ഥര്‍ക്കിടയിൽ വീണ്ടുവിചാരത്തിന് ഇടയാക്കിയിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. സാധാരണ ആഴ്ചയിൽ ശരാശരി രണ്ട് പരാതിയെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് മേധാവികൾക്കും മന്ത്രിക്കും മുന്നിലെത്താറുണ്ട്. ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവും അടക്കമുള്ള കാര്യങ്ങളിൽ ഭാര്യയോ കുടുംബാംഗങ്ങളോ പരാതിയുമായി എത്തുകയാണ് പതിവ്. എന്നാൽ കിരൺ കുമാറിനെ പിരിച്ചുവിട്ടതോടെ ഇത്തരം പരാതികൾ ഗണ്യമായി കുറഞ്ഞു. ആഴ്ചയിൽ മിനിമം രണ്ട് പരാതിയെങ്കിലും കിട്ടിയിരുന്നിടത്ത് ഇപ്പോൾ മാസത്തിൽ ഒന്നെങ്കിലും വന്നാലായെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. മാത്രമല്ല സ്ഥിരം ശല്യക്കാരുടെ മനോഭാവത്തിൽ വ്യത്യാസമുണ്ടെന്ന പോസിറ്റീവ് പ്രതികരണങ്ങളും കിട്ടാറുണ്ടെന്നാണ് മന്ത്രി തന്നെ പറയുന്നത്.
കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം അനുസരിച്ചാണ് കിരൺ കുമാറിനെ പിരിച്ച് വിട്ടത്. ഇന്ത്യൻ ശിക്ഷാ നിയമവുമായി ഇതിന് ഒരു ബന്ധവും ഇല്ല. അതുകൊണ്ടു തന്നെ കോടതി ഇക്കാര്യത്തിൽ ഇനി എന്ത് തീരുമാനിച്ചാലും സര്‍ക്കാര്‍ നിലപാട് മാറ്റേണ്ട കാര്യവും വരുന്നില്ല. സ്ത്രീധനം വാങ്ങുന്നവര്‍ക്ക് എതിരായി അടക്കം പെരുമാറ്റ ചട്ടത്തിൽ കൃത്യമായ വകുപ്പുകൾ ഉണ്ടെെന്നും അത് പ്രയോഗിക്കാനുള്ള ആര്‍ജ്ജവം മാത്രമെ ആവശ്യമുള്ളു എന്നും മന്ത്രി പറയുന്നു. കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാൻ ബന്ധപ്പെട്ട വകുപ്പുകളെല്ലാം തയ്യാറാകണമെന്നും എന്നാൽ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറയുമെന്നും മന്ത്രി പറഞ്ഞു.