'തോമസ് ഐസകിനെ ചോദ്യംചെയ്യാന്‍ ഇ‍ഡിക്ക് അധികാരമില്ല'; പിന്തുണച്ച് പ്രതിപക്ഷം, പോർവിളി മാറ്റത്തിന്‍റെ കാരണങ്ങള്‍

കിഫ്ബിക്കെതിരെ കടുത്ത വിമര്‍ശനമാണ് എന്നും പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ളത്. ബജറ്റിന് പുറത്ത് ചെലവഴിക്കുന്ന ഓരോ രൂപയും അവസാനം സര്‍ക്കാരിന് വൻ സാമ്പത്തിക ബധ്യതയാകുമെന്നും അശാസത്രീയ ധനവിനിയോഗം കടക്കെണിക്കിടയാക്കുമെന്നും ഉള്ള നിലപാടാണ് തുടക്കം മുതൽ കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്

kiifb ed notice v d satheesan supports thomas isaac

തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇഡി നടപടിയിൽ തോമസ് ഐസകിന് പിന്തുണയുമായി പ്രതിപക്ഷം. ബജറ്റിന് പുറത്തുള്ള കിഫ്ബിയുടെ സാമ്പത്തിക ഇടപാട് ബാധ്യതയാകുമെന്ന് ആവര്‍ത്തിക്കുമ്പോഴും തോമസ് ഐസകിനെ ചോദ്യം ചെയ്യാൻ ഇഡിക്ക് അധികാരമില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. ദേശീയ സാഹചര്യം കൂടി കണക്കിലെടുത്താണ് പരസ്പരമുള്ള പോർവിളി മാറ്റി, ഇഡിയെ തള്ളി ഐസകിനെ കോൺഗ്രസ് പിന്തുണക്കുന്നത്.

കിഫ്ബിക്കെതിരെ കടുത്ത വിമര്‍ശനമാണ് എന്നും പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ളത്. ബജറ്റിന് പുറത്ത് ചെലവഴിക്കുന്ന ഓരോ രൂപയും അവസാനം സര്‍ക്കാരിന് വൻ സാമ്പത്തിക ബധ്യതയാകുമെന്നും അശാസത്രീയ ധനവിനിയോഗം കടക്കെണിക്കിടയാക്കുമെന്നും ഉള്ള നിലപാടാണ് തുടക്കം മുതൽ കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ കിഫ്ബിയിലേക്കും മസാല ബോണ്ടിലേക്കും ഇഡി വന്നതോടെ കോൺഗ്രസ് വേറിട്ട രാാഷ്ട്രീയ നിലപാടിലേക്ക് മാറിയിരിക്കുകയാണ്.

ഇതിനുള്ള കാരണങ്ങള്‍ പലതാണ്. കിഫ്ബിക്കെതിരായ ഇഡി നീക്കത്തെ പിന്തുണച്ചാൽ, സിപിഎം അത് ശക്തമായ ആയുധമാക്കും. വികസനം തകർക്കാൻ ബിജെപി - ഇഡി - കോൺഗ്രസ് കൂട്ടുക്കെട്ടെന്ന പ്രചാരണം പ്രതിസന്ധിയുണ്ടാക്കും. സോണി ഗാന്ധിയെയും രാഹുലിനെയം അടക്കം ചോദ്യം ചെയ്യുന്ന ഇഡിക്കെതിരെ ദേശീയതലത്തിൽ പ്രക്ഷോഭം നടത്തുന്ന കോൺഗ്രസിന് കേരളത്തിൽ മറിച്ചൊരു നിലപാട് എടുക്കാനുമാകില്ല.

ഇഡിക്കെതിരെ സിപിഎം നിയമ-രാഷ്ട്രീയപ്പോര് ശക്തമാക്കുന്നതിന് മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. ഐസകിന് പിന്നാലെ ഇഡിയുടെ അടുത്ത ലക്ഷ്യം മുഖ്യമന്ത്രിയായിരിക്കുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ. അതേസമയം, ഇഡിക്കെതിരായ ഭരണ-പ്രതിപക്ഷ ഐക്യം സംസ്ഥാന ബിജെപി ആയുധമാക്കാനും സാധ്യതയുണ്ട്. അതേസമയം, കിഫ്ബിക്കെതിരായ അന്വേഷണത്തിൽ അടുത്ത ബുധനാഴ്ച വരെ മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

വലിയ വാദ പ്രതിവാദങ്ങളാണ് ഹൈക്കോടതിയില്‍ ഇന്ന് അരങ്ങേറിയത്. കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നൽകിയ സമൻസുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചായിരുന്നു സിംഗിൾ ബെഞ്ചിന് മുന്നില്‍ തോമസ് ഐസക്കിന്‍റെ എത്തിയത്. ആദ്യത്തെ സമൻസിൽ  ഹാജരാകണമെന്നാവശ്യപ്പെടുന്നു, രണ്ടാമത്തേതിൽ തന്‍റെയും കുടുംബംഗങ്ങളുടെയും വ്യക്തിവിവരങ്ങൾ തേടുന്നു. ഇത് ഉദ്ദേശം വേറെയാണെന്ന് തോമസ് ഐസക്ക് ഉന്നയിച്ചു.

ഫെമ ലംഘനമെന്ന പേരിൽ ഇഡിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഐസക്ക് വാദിച്ചു. എന്നാല്‍, അന്വേഷണ ഏജൻസിക്ക് സംശയം തോന്നിയാൽ ആരെയും വിളിപ്പിച്ചുകൂടേയെന്നായിരുന്നു ജസ്റ്റിസ് വി ജി അരുണിന്‍റെ മറുചോദ്യം. മൊഴിയെടുക്കാനുളള അന്വേഷണ ഏജൻസിയുടെ തീരുമാനത്തിൽ എന്താണ് കുഴപ്പമെന്നും സിംഗിൾ ബെഞ്ച് തോമസ് ഐസക്കിനോട് ചോദ്യം ഉന്നയിച്ചു. താൻ എന്ത് നിയമലംഘനമാണ് നടത്തിയതെന്ന് ആദ്യം എൻഫോഴ്സ്മെന്‍റ്  വ്യക്തമാക്കട്ടെയെന്നായിരുന്നു തോമസ് ഐസക്കിനായി ഹാജരായ സുപ്രീം കോടതയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവേയുടെ മറുപടി.

തോമസ് ഐസക് പ്രതിയാണെന്ന് തങ്ങൾ എങ്ങും പറഞ്ഞിട്ടില്ലെന്ന് കോടതിയെ അറിയിച്ച ഇഡി, സാക്ഷിയായി തോമസ് ഐസക്കിന് സഹകരിച്ച് കൂടേയെന്നും ചോദിച്ചു. തുടര്‍ന്ന് വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടെ ചോദിച്ച ഇഡിക്കെതിരെ തോമസ് ഐസക്ക് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി. ഒടുവില്‍ വിശദമായ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് ഇഡി ആവശ്യപ്പെട്ടതോടെ ഹർജി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അതുവരെ തുടർനടപടികളുണ്ടാകില്ലെന്നുള്ള കേന്ദ്ര ഏജൻസിയുടെ ഉറപ്പ് വിശ്വാസത്തിൽ എടുക്കുന്നുവെന്നും സിംഗിൾ ബെഞ്ച് അറിയിച്ചു.

പ്രതിയല്ല, സാക്ഷിയായി സഹകരിച്ച് കൂടേയെന്ന് ഇഡി; വ്യക്തി വിവരങ്ങള്‍ എന്തിനെന്ന് ഐസക്, ഇന്ന് കോടതിയില്‍ നടന്നത്

'ഇ ഡി ആവശ്യപ്പെട്ടത് ഇത്രയും കാര്യങ്ങൾ'; വിശദീകരിച്ച് തോമസ് ഐസക്

Latest Videos
Follow Us:
Download App:
  • android
  • ios