'ഒരാളെ ചികിത്സിച്ചതിനോ ഈ മരണശിക്ഷ?'; സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിച്ച് ഡോക്ടർമാർ
ഐഎംഎ, കെജിഎംഒഎ ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർ തെരുവിലിറങ്ങിയത്. പല ആശുപത്രികളിലും അത്യാസന്ന വിഭാഗം മാത്രമേ പ്രവർത്തിക്കുന്നുള്ളു.
തിരുവനന്തപുരം : കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിച്ച് ഡോക്ടർമാർ. ഐഎംഎ, കെജിഎംഒഎ സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർ തെരുവിലിറങ്ങിയത്. പല ആശുപത്രികളിലും അത്യാസന്ന വിഭാഗം മാത്രമേ പ്രവർത്തിക്കുന്നുള്ളു. കൊട്ടാരക്കരയ്ക്ക് പുറമെ കോഴിക്കോട്ടും കണ്ണൂരുമടക്കം മുതിർന്ന ഡോക്ടർമാരുൾപ്പെടെ മുദ്രാവാക്യം വിളികളുമായി തെരുവിൽ പ്രതിഷേധിച്ചു.
''രോഗിയുടെ പരിക്ക് ചികിത്സിക്കാൻ ശ്രമിച്ചതിനാണ് ഡോക്ടർക്ക് മരണ ശിക്ഷ ലഭിച്ചത്. ആശുപത്രികൾ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്നത് നേരത്തെയും ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടതാണ്. എന്നാൽ ഇതുവരെയും അതുണ്ടായില്ല. ഡോക്ടർമാർ വ്യാപകമായി ആക്രമിക്കപ്പെട്ടു. സർക്കാരിന്റെ മുന്നിലിക്കാര്യം നിരവധിത്തവണ അവതരിപ്പിച്ചിട്ടും ഗൌരവത്തിലെടുത്തില്ല. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷയൊരുക്കേണ്ടത് അത്യാവശ്യമാണ്''. പൊലീസ് ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം നൽകിയേ മതിയാകൂവെന്നും കൊട്ടാരക്കരയിൽ പ്രതിഷേധിച്ച ഡോക്ടർമാർ ആവശ്യപ്പെട്ടു.
<
യുവ ഡോക്ടർ പൊലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കെജിഎംഒഎ അടിയന്തര ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിർത്തിവെച്ചാണ് പ്രതിഷേധിക്കുന്നത്. കൊല്ലം ജില്ലയിൽ കാഷ്വാലിറ്റി ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും നിർത്തിവെച്ചു.സംഭവത്തിൽ കുറ്റക്കാരായവരുടെ പേരിൽ മാതൃകപരമായ ശിക്ഷനടപടികൾ സീകരിക്കുന്നതിനൊപ്പം ഇത്തരം പൈശാചികമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് സംഘടന മുന്നോട്ട് വെക്കുന്നത്. ആശുപത്രികളിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കണം. കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധനയ്ക്ക് കൊണ്ടു വരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ നിശ്ചയമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കണമെന്നും കെ ജി എം ഒ എ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ ഐഎംഎയും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ 8 മണി വരെ സർക്കാർ-സ്വകാര്യ ഡോക്ടർമാർ പണിമുടക്കും. അത്യാഹിത വിഭാഗത്തിൽ മാത്രമേ ഡോക്ടർമാരുടെ സേവനമുണ്ടാകൂ. ഉച്ചയ്ക്ക് യോഗം ചേർന്നാകും തുടർ സമരപരിപാടി നിശ്ചയിക്കുക.