കെ ഫോണ്‍ കേബിളിൽ കുരുങ്ങി വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരം നൽകാതെ ഒളിച്ചുകളി
ഈ അപകടം കാരണം ജോലി പോയി. അപകടത്തിന് ശേഷം ഒരു ഗ്ലാസ് വെള്ളം തനിയെ കൈ കൊണ്ട് എടുത്തു കുടിക്കാനാവാത്ത സ്ഥിതിയാണെന്ന് അമൽ
കൊച്ചി: അലക്ഷ്യമായി റോഡില്‍ കിടക്കുന്ന കെ ഫോണ്‍ കേബിള്‍ കാരണം വാഹനാപകടം ഉണ്ടായാല്‍ നഷ്ടപരിഹാരം ആര് നല്‍കും? ഈ ചോദ്യത്തിന് ഉത്തരം തേടി കാത്തിരിക്കുകയാണ് എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ അമല്‍ വില്‍സണ്‍ എന്ന യുവാവ്. കഴിഞ്ഞ സെപ്റ്റംബറില്‍ കെ ഫോണ്‍ കേബിളില്‍ വാഹനം കുരുങ്ങിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അമലിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഒളിച്ചുകളി നടത്തുകയാണ് കെ ഫോണ്‍ അധികൃതര്‍.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 16ന് രാത്രി ഭാര്യയും കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകും വഴി തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ വച്ച് ഉണ്ടായ അപകടമാണ് അമലിന്‍റെ ഇടത് കൈയുടെ ആരോഗ്യം തകര്‍ത്തത്. റോഡില്‍ അലക്ഷ്യമായി ഇട്ടിരുന്ന കെ ഫോണ്‍ കേബിള്‍ വണ്ടിയില്‍ കുടുങ്ങിയായിരുന്നു അപകടം. ആരോഗ്യവും ജീവിതവും തകര്‍ത്ത അപകടമുണ്ടാക്കിയ നഷ്ടങ്ങള്‍ക്ക് ആര് പരിഹാരം കാണുമെന്ന ചോദ്യത്തിനാണ് അമല്‍ ഉത്തരം തേടുന്നത്.
ഈ അപകടം കാരണം ജോലി പോയെന്ന് അമൽ പറയുന്നു. പുതിയ ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനിടെയയിരുന്നു അപകടം. തന്നെ പരിചരിക്കുന്നതിനിടെ ഭാര്യയ്ക്കും ജോലി പോയി. ആരോഗ്യം തകർന്നു. അപകടത്തിന് ശേഷം ഒരു ഗ്ലാസ് വെള്ളം തനിയെ കൈ കൊണ്ട് എടുത്തു കുടിക്കാനാവില്ലെന്ന് അമൽ പറയുന്നു.
അപകട ശേഷം കെ ഫോണ്‍ അധികൃതരെയും ഉപകരാറുകാരായ ഭെല്ലിനെയും സമീപിച്ചു. കെ ഫോണ്‍ പറയുന്നത് അവർ ഉപകരാർ കൊടുത്തിരിക്കുന്നത് ഭെല്ലിനാണ് എന്നാണ്. അവരാണ് ഇൻഷുറൻസ് കാര്യങ്ങൾ ചെയ്യേണ്ടത് എന്നാണ് പറയുന്നത്. അവരൊന്നും ചെയ്തില്ല. കേസ് കോടതിയിലെത്തിയപ്പോള്‍ ഭെൽ പറയുന്നത് തങ്ങളല്ല, കെ ഫോണാണ് ചെയ്യേണ്ടത് എന്നാണ്. നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഒളിച്ചുകളി തുടരുകയാണ്.
തടി ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെ തെന്നിമാറി ദേഹത്ത് വീണു; ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം