'റീകൗണ്ടിങിനിടെ 2 തവണ കറന്റ് പോയി, അസാധുവോട്ടുകൾ എസ്എഫ്ഐക്ക് അനുകൂലമാക്കി, കേരളവർമ്മയിൽ അട്ടിമറി': കെ എസ് യു
റീ കൗണ്ടിങ് നടക്കുന്നതിനിടെ, രണ്ട് തവണ കറന്റ് പോയി. അസാധു വോട്ടുകൾ റീ കൗണ്ടിങിൽ എസ് എഫ് ഐക്ക് അനുകൂലമാക്കി.
തൃശൂർ : കേരളവർമ്മ കോളേജിൽ റീ കൗണ്ടിങിൽ അട്ടിമറിയുണ്ടായെന്നാവർത്തിച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. റീ കൗണ്ടിങ് നടന്ന രീതിയോടാണ് എതിർപ്പ്. റി കൗണ്ടിങ് പകൽ വെളിച്ചത്തിൽ നടത്തണമെന്ന കെ എസ് യു സ്ഥാനാർഥിയുടെ ആവശ്യം നിരാകരിച്ചു. റിട്ടേണിങ് ഓഫീസർ നാരായണൻ ഏകപക്ഷീയമായി പെരുമാറി. റീ കൗണ്ടിങ് നടക്കുന്നതിനിടെ, രണ്ട് തവണ കറന്റ് പോയി. അസാധു വോട്ടുകൾ റീ കൗണ്ടിങിൽ എസ് എഫ് ഐക്ക് അനുകൂലമാക്കി. ബാഹ്യ ഇടപെടലിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നുവെന്നും കെ എസ് യു ആരോപിച്ചു.
കെഎസ് യു സ്ഥാനാർത്ഥി വിജയിച്ചതോടെ, ഭരണപരമായ ഗൂഢാലോചന നടന്നു. കോളജിലെ അധ്യപികയായിരുന്ന ആർ.ബിന്ദുവിന്റെ ഇടപെടലുണ്ടായി. പിന്നാലെയാണ് റികൌണ്ടിങ്ങിൽ അട്ടിമറിയുണ്ടായത്. റിട്ടേണിങ് ഓഫീസറെ നീക്കണം. കോളേജിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന രീതി എസ് എഫ് ഐ അവസാനിപ്പിക്കണം. കേരള വർമ്മയിൽ എസ് എഫ് ഐ തിടുക്കപ്പെട്ട് സത്യപ്രതിജ്ഞ നടത്തുകയാണ്. അത് നിർത്തിവയ്ക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കെഎസ് യു ആവശ്യപ്പെട്ടു.
'കേരളവർമ്മയിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു', കെ എസ് യു ഹൈക്കോടതിയിലേക്ക്