കേരളത്തിൽ പേമാരി പെയ്തിറങ്ങിയ 24 മണിക്കൂർ! 2 ഇടത്ത് 350 മി.മീ, 71 ഇടത്ത് 100 മി.മീ; തീവ്ര മഴ തുടരും
മഞ്ചേശ്വരത്തും ഉപ്പളയിലുമാണ് 24 മണിക്കൂറിൽ 350 മില്ലി മീറ്ററിലധികം മഴ ലഭിച്ചത്
കാസർകോട്: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ പെയ്ത മഴയുടെ കണക്ക് പുറത്ത്. അക്ഷരാർത്ഥത്തിൽ വിവിധയിടങ്ങളിൽ പേമേരി പെയ്തിറങ്ങിയെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇന്ന് രാവിലെ 8.30 വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വടക്കൻ കേരളത്തിൽ തീവ്ര മഴയാണ് ലഭിച്ചതെന്നാണ് വ്യക്തമാകുന്നത്. 2 ഇടത്ത് 350 മില്ലി മീറ്ററിലധികവും 71 ഇടത്ത് 100 മില്ലി മീറ്ററിലധികവുമാണ് മഴ പെയ്തിരിക്കുന്നത്. മഞ്ചേശ്വരത്തും ഉപ്പളയിലുമാണ് 24 മണിക്കൂറിൽ 350 മില്ലി മീറ്ററിലധികം മഴ ലഭിച്ചത്. 378.2 മി.മീ മഴ ലഭിച്ച മഞ്ചേശ്വരമാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. ഉപ്പളയിലാകട്ടെ 358 മി.മീ മഴയാണ് ലഭിച്ചത്. ഇന്നലെ വൈകുന്നേരം മുതൽ ഇന്ന് രാവിലെ വരെയുള്ള സമയത്തിനിടയിലാണ് ഇതിൽ ഭൂരിഭാഗം മഴയും പെയ്തത്.
വടക്കൻ കേരളത്തിൽ അതിശക്ത മഴ തുടരും, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ യെല്ലോ അലർട്ട്
അതേസമയം വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇതനുസരിച്ച് കണ്ണുരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നും അറിയിപ്പുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്.
സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം