സ്‌കൂൾ തുറക്കൽ: ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി,'ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകൾ ഉടൻ നൽകണം'
കുട്ടികളുടെ സുരക്ഷ പരമപ്രധാനമാണ്. കൃത്യമായ പരിശോധനകള്‍ അനിവാര്യമാണ്. കാലതാമസം വരുന്നത് തയ്യാറെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി.
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി നടപടിയെടുക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ പരമപ്രധാനമാണ്. കൃത്യമായ പരിശോധനകള്‍ അനിവാര്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കാലതാമസം തയ്യാറെടുപ്പിനെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യം ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ശിവന്‍കുട്ടി നിര്‍ദേശിച്ചു.
മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി ജനജാഗ്രതാ സമിതികള്‍ ശക്തമാക്കണം. വിദ്യാര്‍ഥികള്‍ ആണ് ലഹരി മാഫിയയുടെ പ്രധാന ഉന്നം. ഇത് മനസിലാക്കി വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ സമൂഹം നല്‍കണം. സമൂഹത്തിന്റെ ജാഗ്രത വിദ്യാലയങ്ങള്‍ക്കുണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടും അക്കാദമിക വര്‍ഷം മുഴുവനായും നിരവധി പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. ഇതിലേറ്റവും സുപ്രധാനമായ പദ്ധതി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം മെയ് നാലിന് ചേരുകയുണ്ടായി. കഴിഞ്ഞ അദ്ധ്യയന വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപരിയായി അതി ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കാനാണ് യോഗത്തില്‍ തീരുമാനമായതെന്ന് മന്ത്രി അറിയിച്ചു.
ലഹരി വിരുദ്ധ ക്യാംപയിന്‍, പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയാന്‍ ലക്ഷ്യം വെച്ചിട്ടുള്ള പ്രവര്‍ത്തന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ശാക്തീകരണം, അവബോധം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിന്തുണാ സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കും.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. സ്‌കൂള്‍ തലത്തില്‍ നടത്തേണ്ട ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍, വിവിധ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗരേഖ എല്ലാ വിദ്യാലയങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തോടൊപ്പം കുട്ടികളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിന് അധ്യാപകരെ ശാക്തീകരിക്കുന്നതിനും പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. ലഹരി വസ്തുക്കള്‍ സ്‌കൂള്‍ ക്യാമ്പസിലേക്ക് എത്തുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിന് രക്ഷകര്‍ത്താക്കളെ ബോധവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷകര്‍ത്തൃ ഗ്രൂപ്പുകള്‍ ചേരുമെന്നും മന്ത്രി അറിയിച്ചു.
'ആറോളം പേരെ ആക്രമിച്ചു, വീടുകളും ബൈക്കുകളും തകര്‍ത്തു'; അമ്പൂരി സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍