മാസ്കും ഗ്ലൗസും കിട്ടാനില്ല; ആരോഗ്യപ്രവർത്തകർക്ക് ആശങ്കയായി സുരക്ഷാ സാമഗ്രികളുടെ ക്ഷാമം
നിരന്തരം പുതുക്കി ഉപയോഗിക്കേണ്ട നോൺ-സ്റ്റെറയിൽ ഗ്ലൗസിനാണ് കൂടുതൽ ക്ഷാമം. ഒപ്പം എൻ 95 മാസ്ക്, ഫേസ്ഷീൽഡ് എന്നിവയ്ക്കും ക്ഷാമം നേരിടുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് ആശങ്കയായി സുരക്ഷാ സാമഗ്രികളുടെ ക്ഷാമം. ഗ്ലൗസ്, എൻ95 മാസ്ക് എന്നിവ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് നഴ്സസ് സംഘടനകൾ സർക്കാരിന് പരാതി നൽകി. ഗ്ലൗസ് കിട്ടാതായതോടെ പൊതുജനങ്ങളുടെ സഹായം തേടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗ്ലൗസ് ചലഞ്ച് തന്നെ തുടങ്ങി. പിപിഇ കിറ്റിന്റെ ഗുണനിലവാരം കുറഞ്ഞതിനാൽ ഒരു മണിക്കൂർ പോലും തികച്ചുപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും നഴ്സുമാർ പറയുന്നു
സുരക്ഷാ സാമഗ്രികൾക്കുള്ള ക്ഷാമം ആഴ്ച്ചകളായി തുടരുകയാണ്. നിരന്തരം പുതുക്കി ഉപയോഗിക്കേണ്ട നോൺ-സ്റ്റെറയിൽ ഗ്ലൗസിനാണ് കൂടുതൽ ക്ഷാമം. ഒപ്പം എൻ 95 മാസ്ക്, ഫേസ്ഷീൽഡ് എന്നിവയ്ക്കും ക്ഷാമം നേരിടുന്നുണ്ട്. ഇതിന് പുറമെയാണ് പിപിഇ കിറ്റുകളുടെ നിലവാരത്തെക്കുറിച്ചും പരാതികളുയരുന്നത്.
സർക്കാർ നൽകുന്നവ തികയാത്ത സാഹചര്യത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ സുരക്ഷാ സാമഗ്രികളെത്തിക്കുകയാണ്. മെഡിക്കൽ കോളേജിൽ പ്രശ്നപരിഹാരത്തിന് ഗ്ലൗസ് ചലഞ്ച് തന്നെ തുടങ്ങി.
പ്രശ്നത്തിൽ നഴ്സ്സ് സംഘടനയായ കെജിഎൻഎ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ക്ഷാമം പരിഹരിക്കപ്പെട്ടു വരുന്നുവെന്നാണ് കെഎംഎസ്സിഎൽ വിശദീകരിക്കുന്നത്. ആവശ്യം കൂടിയതും നിർമ്മാതാക്കളിൽ നിന്നുള്ള ലഭ്യത കുറഞ്ഞതുമാണ് പ്രശ്നം. വിലനിയന്ത്രണത്തിന് ശേഷമുള്ള സമ്മർദ തന്ത്രമാണോ ലഭ്യതക്കുറവിന് പിന്നിലെന്ന സംശയവും ചിലരുന്നയിക്കുന്നു.