ആൽവിനെ ഇടിച്ചത് ബെൻസ് കാർ തന്നെ, സ്ഥിരീകരിച്ച് പൊലീസ്; ഇൻഷുറൻസ് ഉണ്ടായിരുന്നില്ല, ഡ്രൈവറുടെ അറസ്റ്റ് ഉടൻ

ഇന്നലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് ദാരുണാന്ത്യം സംഭവിച്ചത്.

Kerala reels accident latest update police identified Kozhikode Beach Road accident Benz car

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പൊലീസ്. ഇടിച്ചത് ഡിഫെൻഡർ കാർ എന്നാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവർമാരും മൊഴി നൽകിയത്. ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയത്. റീൽസ് എടുത്ത മൊബൈൽ ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടം വരുത്തിയ ബെൻസ് കാറിന്റെ ഡ്രൈവറുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് പറഞ്ഞു. 

ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് ദാരുണാന്ത്യം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.

Also Read: ആൽവിന്‍റെ ജീവനെടുത്ത അപകടത്തിന് കാരണം ബെൻസ് കാർ, എംവിഡി കണ്ടെത്തി, കർശന നടപടി; ഡ്രൈവർമാരുടെ ലൈസൻസ് പോകും

രണ്ട്  ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ റോഡിന്‍റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകർത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. കാറിലുണ്ടായിരുന്നവർ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമയുടേയും ബന്ധുവിന്‍റേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. വിദേശത്തായിരുന്ന ആല്‍വിന്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. അതിനിടയിലാണ് ദാരുണാന്ത്യം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios