തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി, ഒന്നൊഴികെ എല്ലാ ജില്ലകൾക്കും മുന്നറിയിപ്പ്; മഴ, ഇടിമിന്നൽ സാധ്യത
തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തില്‍ ഇന്ന് 13 ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്
തിരുവനന്തപുരം: തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി( Cyclonic circulation) രൂപപ്പെട്ടുവെന്ന് കാലാവസ്ഥ വിഭാഗം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യുന മർദ്ദ പാത്തി (Trough) സ്ഥിതി ചെയ്യുന്നുണ്ട്. നിലവിലെ ചക്രവാതചുഴി ഒക്ടോബർ ഒമ്പതോടെ ലക്ഷദ്വീപിന് മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കേരളത്തിൽ ഇനിയുള്ള 3-4 ദിവസങ്ങളിൽ മഴയിൽ വർധന ഉണ്ടാകും.
തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തില്‍ ഇന്ന് 13 ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിയാണ് ഓറഞ്ച് അലര്‍ട്ട്. കാസർകോട് ഒഴികെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം