തല'സ്ഥാനം' മാറാതിരിക്കാൻ പൊലീസിന്റെ ഉപദേശം; പോസ്റ്റ് വൈറൽ

ഹെൽമറ്റ് കൈയിൽ തൂക്കിയിട്ട് യാത്ര ചെയ്യുന്ന ഒരാളുടെ ചിത്രം സഹിതമായിരുന്നു പൊലീസിന്റെ പോസ്റ്റ്.

Kerala Police Facebook post on Helmet amid capital change controversy prm

കൊച്ചി: എറണാകുളം എംപി ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ബിൽ വിവാദവുമായി  പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്. തല സ്ഥാനം മാറാതിരിക്കാൻ ഹെൽമറ്റ് തലയിൽ തന്നെ വെക്കണേ എന്നാണ് കേരള പൊലീസിന്റെ പോസ്റ്റ്. ഹെൽമറ്റ് കൈയിൽ തൂക്കിയിട്ട് യാത്ര ചെയ്യുന്ന ഒരാളുടെ ചിത്രം സഹിതമായിരുന്നു പൊലീസിന്റെ പോസ്റ്റ്. പോസ്റ്റിനെ പ്രകീർത്തിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് മണിക്കൂറിനുള്ളിൽ തന്നെ 6000 പേരുടെ പ്രതികരണം ലഭിച്ചു. 

കഴിഞ്ഞ ദിവസമാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് മാറ്റി കൊച്ചിയിലാക്കണമെന്ന് സ്വകാര്യബിൽ അവതരിപ്പിച്ചത്. സംസ്ഥാന സർക്കാർ ഈ നിർദേശത്തെ എതിർത്തു. പുറമെ, കോൺ​ഗ്രസ് പാർട്ടിയും എതിർപ്പുമായി രം​ഗത്തെത്തി. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമെന്നും സ്വകാര്യ ബില്ലിൽ കേന്ദ്രം നിലപാട് തേടിയതിൽ കൗശലമുണ്ടെന്നും തിരുവനന്തപുരം എം പി ശശി തരൂർ പ്രതികരിച്ചു. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമാണ്. ഈ വിഷയത്തിൽ ഹൈബി രാഷ്ട്രീയ ബുദ്ധി കാട്ടിയില്ലെന്നും തരൂർ പറഞ്ഞു. ഹൈബി ഈഡനെതിരെ കെ മുരളിധരനും രൂക്ഷവിമർശനം ഉന്നയിച്ചു. പാർട്ടിയോട് ചോദിക്കാതെ ഹൈബി ബിൽ അവതരിപ്പിച്ചത് തെറ്റായിപ്പോയി. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം. എല്ലാ എംപിമാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം മാറ്റണമെന്ന് ആവശ്യപെട്ടാൽ എന്താവും സ്ഥിതിയെന്നും മുരളി ചോദിച്ചു. 

ഹൈബി ഈ‍ഡനെതിരെ സിപിഎം നേതാക്കളും രംഗത്തെത്തി. തലസ്ഥാനം എറണാകുളത്ത് ആക്കണമെന്ന ഹൈബിയുടെ ആവശ്യം അപക്വവും അപ്രായോഗികവുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ശശി തരൂർ അവിടെയും ഇവിടെയും തൊടാതെയുള്ള സംസാരം മതിയാക്കി നയം വ്യക്തമാക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. ഹൈബി ഈഡന്റെ പ്രസ്താവന എന്തിനെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് സിഎംപി നേതാവ് സി പി ജോൺ പ്രതികരിച്ചു. ഹൈബി പറഞ്ഞത് സ്വബോധത്തോടെ പറയുന്ന കാര്യമല്ലെന്നായിരുന്നു മുൻ മന്ത്രി എംഎം മണിയുടെ പരിഹാസം. 

Latest Videos
Follow Us:
Download App:
  • android
  • ios