കേരളത്തിലെ ആണവ വൈദ്യുതി നിലയം: ഒരു മുഴം മുമ്പെയെറിഞ്ഞ് കെഎസ്ഇബി, പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ചെയർമാൻ
പാലക്കാട് കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ സംസ്ഥാന സമ്മേളനത്തിലാണ് ബിജുപ്രഭാകർ ആണവനിലയം സ്ഥാപിക്കുന്ന വിഷയം പൊതുചർച്ചയ്ക്ക് വെച്ചത്.
പാലക്കാട്: സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയുമായി കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾക്ക് പിന്നാലെയാണ് പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തി കെഎസ്ഇബി ചെയർമാൻ തന്നെ രംഗത്തിറങ്ങിയത്. ആണവ നിലയം എന്തിനെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തുമെന്നും ബിജു പ്രഭാകർ പറഞ്ഞു.
പാലക്കാട് കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ സംസ്ഥാന സമ്മേളനത്തിലാണ് ബിജുപ്രഭാകർ ആണവനിലയം സ്ഥാപിക്കുന്ന വിഷയം പൊതുചർച്ചയ്ക്ക് വെച്ചത്. കൽപാക്കം നിലയത്തിൽ നിന്ന് ആണവ വൈദ്യുതി വാങ്ങുക, കേരളത്തിന് പുറത്ത് നിലയം സ്ഥാപിച്ച് വൈദ്യുതി വാങ്ങുക, സംസ്ഥാനത്ത് തന്നെ ആണവനിലയം സ്ഥാപിക്കുക എന്നിങ്ങനെ മൂന്ന് സാധ്യതകളാണ് കെഎസ്ഇബി പരിശോധിച്ചത്. സ്വന്തം ആണവ നിലയം എന്ന മൂന്നാമത്തെ സാധ്യത തന്നെ തെരഞ്ഞെടുക്കുമെന്ന് ഉറപ്പിക്കുകയാണ് ചെയർമാൻ.
ഊർജ സ്വയംപര്യാപ്തതക്കും കെഎസ്ഇബിയുടെ നിലനിൽപ്പിനും പദ്ധതി അത്യാവശ്യമാണെന്ന് സർക്കാരിനെയും ബോധ്യപ്പെടുത്തുമെന്ന് ബിജു പ്രഭാകർ പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ആണവ വൈദ്യുതി നിലയം വീണ്ടും ചർച്ചയായെങ്കിലും സർക്കാരോ ഇടതുസംഘടനകളോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ അതിനും ഒരു മുഴം മുമ്പെയുള്ള നീക്കമാണ് കെഎസ്ഇബി നടത്തുന്നത്.