പ്രവാസികളുടെ മടങ്ങിവരവ്; ഒരു വിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ല, വി മുരളീധരന് മറുപടിയുമായി പിണറായി
കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തയ്യാറാണ്.
തിരുവനന്തപുരം: പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന് പറഞ്ഞ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'വന്ദേഭാരതത്തിന്‍റെ ഭാഗമായി വിമാനങ്ങള്‍ വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു നിബന്ധനയും വെച്ചിട്ടില്ല. ഒരു വിമാനത്തിന്‍റെയും അനുമതി നിഷേധിച്ചിട്ടില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തയ്യാറാണ്. എന്നാല്‍ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കി ചാര്‍ച്ചേഡ് ഫ്ലൈറ്റില്‍ കൊണ്ടുവന്നാല്‍ സര്‍ക്കാര്‍ നിബന്ധനകള്‍ ബാധകമായിരിക്കും' എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്
'വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി വിമാനം വരുന്നതിന് സംസ്ഥാന സർക്കാർ ഒരു നിബന്ധനയും വച്ചിട്ടില്ല. ഒരു വിമാനവും വേണ്ടെന്ന് പറഞ്ഞിട്ടുമില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനത്തിനും അനുമതി നൽകി. വന്ദേ ഭാരത്തിന്റെ രണ്ടാം ഘട്ടത്തിൽ ജൂൺ മാസത്തിൽ ഒരു ദിവസം 12 വിമാനമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അത് സംസ്ഥാനം അംഗീകരിച്ചു. ജൂണിൽ 360 വിമാനങ്ങൾ വരണം. ജൂൺ മൂന്ന് മുതൽ 10 വരെ 36 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തത്. കേരളം അനുമതി നൽകിയ 324 വിമാനങ്ങൾ ജൂൺ മാസത്തിലേക്ക് ഇനിയും ഷെഡ്യൂൾ ചെയ്യാനുണ്ട്'.
'കേന്ദ്രം ഉദ്ദേശിച്ച രീതിയിൽ വിമാനങ്ങള്‍ സജ്ജമാക്കാന്‍ അവർക്ക് സാധിക്കുന്നില്ല. അതിൽ കുറ്റപ്പെടുത്താനാവില്ല. വലിയൊരു ദൗത്യമായതിനാൽ ഒന്നിച്ച് ഒരുപാട് വിമാനമയച്ച് ആളുകളെ കൊണ്ടുവരുന്നത് പ്രയാസമാണ്. കേരളം അനുമതി നൽകിയതിൽ ബാക്കിയുള്ള 324 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്താൽ ഇനിയും വിമാനങ്ങൾക്ക് അനുമതി നൽകും. വന്ദേ ഭാരത് മിഷനിൽ ഇനി എത്ര വിമാനങ്ങൾക്ക് അനുമതി നൽകണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ചോദിച്ചു. വിവരം ലഭിച്ചാൽ അനുമതി നൽകും. 40 ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. 26 ചാർട്ടേർഡ് വിമാനങ്ങൾ ഇനിയും ഷെഡ്യൂൾ ചെയ്യാനുണ്ട്. അത് പൂർത്തിയായാൽ ഇനിയും ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകും. ഇനി ഒരു വിമാനത്തിനോടും സംസ്ഥാനം നോ പറഞ്ഞിട്ടില്ല'.
'ചാർട്ടർ വിമാനങ്ങള്‍ക്ക് രണ്ട് നിബന്ധനകള്‍ മാത്രം'
'വിദേശത്ത് കുടുങ്ങിയവരെ തിരികെ കൊണ്ടുവരാൻ തൊഴിലുടമകളോ സംഘടനകളോ വിമാനം ചാർട്ടർ ചെയ്യുന്നത് സംസ്ഥാനം എതിർത്തിട്ടില്ല. യാത്രക്കാരിൽ നിന്ന് പണം ഈടാക്കി ചാർട്ടേർഡ് വിമാനത്തിൽ കൊണ്ടുവരുന്നവരോട് വിമാന നിരക്ക് വന്ദേ ഭാരത് വിമാനത്തിന് തുല്യമാകണം എന്നും സീറ്റ് നൽകുമ്പോൾ മുൻഗണനാ വിഭാഗത്തെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. മറ്റു വ്യവസ്ഥകളൊന്നുമില്ല. ഈ രണ്ട് നിബന്ധനകളും പ്രവാസികളുടെ താത്പര്യം പരിഗണിച്ചാണ്. സ്വകാര്യ വിമാനക്കമ്പനികൾ പ്രവാസികളെ തിരിച്ചെത്തിക്കാൻ അനുവാദം ചോദിച്ചു. അതിനും അനുവാദം നൽകും. സ്പൈസ് ജെറ്റിന്റെ 300 വിമാനങ്ങൾക്ക് കേരളത്തിലേക്ക് അനുമതി നൽകി. ഒരു ദിവസം 10 എന്ന കണക്കിൽ ഒരു മാസം കൊണ്ട് ഇത്രയും വിമാനം വരും. കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാകുന്നവരെ കൊണ്ടുവരുമെന്നാണ് സ്പൈസ് ജെറ്റിൻറെ നിബന്ധന. അബുദാബിയിലെ ഒരു സംഘടന 40 ചാർട്ടേർഡ് വിമാനത്തിന് അനുവാദം ചോദിച്ചു, അതും നൽകി'.
സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 53 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയത് 19 പേര്‍. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് പിടിപെട്ടു. അതേസമയം 24 പേര്‍ കൂടി കൊവിഡ് മുക്തരായി. 4004 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.