'ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകൾ വാഹനിൽ ഉള്‍പ്പെടുത്തണം, അവസാന തീയതി ഫെബ്രുവരി 29': നിര്‍ദേശവുമായി എംവിഡി
അപ്ഡേറ്റ് ചെയ്യുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മാത്രം വാഹന ഉടമകള്‍ക്ക് രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടു മൊബൈല്‍ അപ്ഡേഷന്‍ പൂര്‍ത്തീകരിക്കാം.
തിരുവനന്തപുരം: വാഹന ഉടമകള്‍ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പറുകള്‍ വാഹന്‍ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അവസാന തീയതി ഫെബ്രുവരി 29 ആണെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിപ്പ്: ''മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി, വിവിധ സേവനങ്ങള്‍ ആധാര്‍ ഓതന്റിക്കേറ്റഡ്/ ഫെയ്സ് ലെസ് രീതിയില്‍ നല്‍കി വരുന്നു. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ വാഹന്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. വാഹന ഉടമകള്‍ക്ക് തന്നെ മൊബൈല്‍ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടി പരിവാഹന്‍ വെബ്സൈറ്റില്‍ സൗകര്യം ഏര്‍പ്പെടുത്തി. ഇങ്ങനെ സ്വയം അപ്ഡേറ്റ് ചെയ്യുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മാത്രം വാഹന ഉടമകള്‍ക്ക് രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടു മൊബൈല്‍ അപ്ഡേഷന്‍ പൂര്‍ത്തീകരിക്കാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകള്‍ ഈ വര്‍ഷം ഫെബ്രുവരി 29 നുള്ളില്‍ മൊബൈല്‍ അപ്ഡേഷന്‍ പൂര്‍ത്തീകരിക്കണം.''
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം
2023-24 അദ്ധ്യയന വര്‍ഷത്തെ കീം (മെഡിക്കല്‍) പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഫീസ് ഒടുക്കിയിട്ടുളളവരില്‍ റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നല്‍കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. റീഫണ്ടിന് അര്‍ഹതയുളള വിദ്യാര്‍ഥികളുടെ ലിസ്റ്റ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ട് ലഭിക്കാന്‍ അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'KEAM 2023 Candidate Portal' എന്ന ലിങ്കില്‍ അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഫെബ്രുവരി 11 നു വൈകിട്ട് അഞ്ചു വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ് സൈറ്റിലെ വിജ്ഞാപനം കാണുക.
ഫെബ്രുവരിയിൽ 11 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് അവധികൾ അറിയാം