ഹാട്രിക് സ്വപ്നം പൊലിഞ്ഞില്ല; കൊല്ലത്ത് പ്രേമചന്ദ്രന് വിജയം

രൂപീകൃതമായതിന് ശേഷം ഇതുവരെ നടന്നിട്ടുള്ള 17 തെരഞ്ഞെടുപ്പുകളില്‍ പത്തിലും ഇടതുപക്ഷത്തിനൊപ്പമായിരുന്നു കൊല്ലം മണ്ഡലം.

Kerala Lok Sabha Election 2024  kollam nk Premachandran

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന് ഉജ്ജ്വല വിജയം. 150302 വോട്ടിന്‍റെ ഭൂപരിപക്ഷത്തിലാണ് പ്രേമചന്ദ്രന്‍ വിജയിച്ചത്.

443628 വോട്ടാണ് എന്‍കെ പ്രേമചന്ദ്രന് ലഭിച്ചത്. 293326 വോട്ടോടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എംഎൽഎ എം മുകേഷ് രണ്ടാം സ്ഥാനത്താണുള്ളത്. 163210 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന് ലഭിച്ചത്. 

2009ലെ തിരഞ്ഞെടുപ്പു മുതൽ യുഡിഎഫാണ് മണ്ഡലത്തിൽ തുടർച്ചയായി വിജയിക്കുന്നത്. 2014ൽ കോൺഗ്രസ് ആർസിപിക്ക് സീറ്റ് കൈമാറി. 2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻ.കെ.പ്രേമചന്ദ്രൻ ഹാട്രിക് വിജയത്തിനായാണ് ഇത്തവണ ഇറങ്ങിയത്.

രൂപീകൃതമായതിന് ശേഷം ഇതുവരെ നടന്നിട്ടുള്ള 17 തെരഞ്ഞെടുപ്പുകളില്‍ പത്തിലും ഇടതുപക്ഷത്തിനൊപ്പമായിരുന്നു കൊല്ലം മണ്ഡലം. കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് ഇത്. കുണ്ടറയില്‍ പി.സി വിഷ്ണുനാഥ് ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളും ഇപ്പോള്‍ ഇടതു മുന്നണിക്ക് സ്വന്തം. 2016ലെ തെരഞ്ഞെടുപ്പിലും എല്ലാ നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണിക്കൊപ്പം നിന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ചിത്രം വേറെയാണ്. 

Read Also -  'തൃശൂരിൽ ബിജെപി- സിപിഎം ഗൂഢാലോചന നടത്തി, പൂരം കലക്കി കൊണ്ട് ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കി': വിഡി സതീശൻ

മണ്ഡലം രൂപീകൃതമാവുന്നതിന് മുമ്പ് മുതല്‍ ആര്‍.എസ്.പിയുടെ പോരാട്ട ഭൂമിയാണ് കൊല്ലം. 1952-ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിയുടെ പി.കെ ശ്രീകണ്ഠന്‍ നായരാണ് വിജയിച്ചത്. 1962 മുതല്‍ 1977 വരെയുള്ള നാല് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം തന്നെ പാര്‍ലമെന്റിലെത്തി. 1980-ല്‍ ശ്രീകണ്ഠന്‍ നായരെ തോല്‍പ്പിച്ച് ബി കെ നായരിലൂടെ കോണ്‍ഗ്രസ് കരുത്ത് കാട്ടി. പിന്നീട് 1984 മുതല്‍ 1988 വരെ മൂന്ന് തവണ എസ്. കൃഷ്ണകുമാറിലൂടെ കോണ്‍ഗ്രസ് മണ്ഡലം കൈയടക്കി. 

1996-ല്‍ കൃഷ്ണകുമാറിനെ തോല്‍പ്പിച്ചാണ് അന്നത്തെ യുവനേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ പാര്‍ലമെന്റിലെത്തുന്നത്. 1998-ലും പ്രേമചന്ദ്രന്‍ തന്നെ വിജയിച്ചു. പിന്നീട് ആര്‍.എസ്.പിയില്‍ നിന്ന് സിപിഎം ഏറ്റെടുത്ത കൊല്ലം മണ്ഡലത്തില്‍ 1999-ലും 2004-ലും സിപിഎമ്മിനെ പ്രതിനിധീകരിച്ച പി.  രാജേന്ദ്രനായിരുന്നു എം.പി. 2009-ല്‍ പീതാംബരകുറുപ്പിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് ഇടതുമുന്നണിയില്‍ നിന്ന് മാറിയ ആര്‍.എസ്.പി യു.ഡി.എഫിനൊപ്പം ചേര്‍ന്ന ശേഷം രണ്ട് തെരഞ്ഞെടുപ്പുകളിലും എന്‍.കെ പ്രേമചന്ദ്രന് തന്നെയായിരുന്നു വിജയം. അതില്‍ തന്നെ 2019ല്‍ 1,48,856 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios