കുറ്റപത്രം നൽകി 6 വർഷം കഴിഞ്ഞു, വിചാരണ തുടങ്ങിയില്ല; അഭിമന്യുവിൻ്റെ അമ്മയുടെ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടു
മഹാരാജാസിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിൻ്റെ കൊലപാതകത്തിൽ വിചാരണ വൈകുന്നതിൽ ഹൈക്കോടതി റിപ്പോർട്ട് തേടി
കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. അഭിമന്യുവിൻ്റെ അമ്മ ഭൂപതി നൽകിയ ഹർജിയിൽ റിപ്പോർട്ട് നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. കേസിൽ കുറ്റപത്രം നൽകി ആറ് വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ പോപുലർ ഫ്രണ്ടിൻ്റെയും വിദ്യാർത്ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ടിൻ്റെയും പ്രവർത്തകർ 2018 ജൂൺ എട്ടിനാണ് കൊലപ്പെടുത്തിയത്.