എഐ ക്യാമറക്ക് സ്റ്റേ വരുമോ? കരാർ റദ്ദാക്കണമെന്ന പ്രതിപക്ഷ ഹർജിയിൽ ഹൈക്കോടതി തീരുമാനം ഇന്നറിയാം
പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്നാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്
കൊച്ചി: റോഡിലെ ക്യാമറ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നൽകിയത് വ്യവസ്ഥകൾക്ക് വിരുദ്ധമെന്ന പ്രതിപക്ഷ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്നാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണം. എസ് ആർ ഐ ടിക്ക് ടെൻഡർ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണം. എ ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉള്ളത്. ഉന്നതബന്ധമുള്ള അഴിമതിയാണെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എ ഐ ക്യാമറയിലെ അഴിമതി ആരോപണം ഇരുനേതാക്കളും ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഭരണ സംവിധാനത്തിലെ ഉന്നതർക്ക് അഴിമതിയിൽ പങ്കുണ്ടെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണമെന്നും ഹർജിയിലൂടെ ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി പരിഗണിക്കുന്ന ഹൈക്കോടതിയിൽ നിന്ന് ഇന്ന് ഇടക്കാല ഹർജിയുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.
എഐ ക്യാമറ പദ്ധതിക്കെതിരെ നേരത്തെ തന്നെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പദ്ധതിയിലെ നിറയെ അഴിമതിയാണെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും മുന്നോട്ടുവയ്ക്കുന്നത്. എ ഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ 5 ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് വൈകുന്നേരം 4 മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 726 ക്യാമറകള്‍ക്ക് മുന്നിലും ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു. എ ഐ ക്യാമറ ഇടപാടിലെ അഴിമതിക്കെതിരെ തെളിവുസഹിതം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്ന് ചൂണ്ടികാട്ടിയായിരുന്നു ജൂൺ 5 ലെ പ്രതിപക്ഷ പ്രതിഷേധം.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...