മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സ: അമേരിക്കയിലടക്കം ചെലവായ മുക്കാൽ കോടി രൂപ സർക്കാർ അനുവദിച്ചു

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവർത്തിച്ച് പറയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ചിരിക്കുന്നത്

Kerala govt releases 75 lakh rupee medical reimbursement to Chief Minister Pinarayi Vijayan and wife Kamala kgn

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ മാത്രം 72,09,482 രൂപയാണ് ചെലവായത്. 2022 ജനുവരിയിലും ഏപ്രിൽ, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സ തേടിയത്. കേരളത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് (7499932 രൂപ) സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ചത്.

മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് 2022 ജനുവരി മാസത്തിൽ ചെലവായത് 29,82,039 രൂപയാണ്. ഇവിടെ തന്നെ 2022 ഏപ്രിൽ, മെയ് മാസങ്ങളിൽ മുഖ്യമന്ത്രി ചികിത്സ തേടിയപ്പോൾ 42,27,443 രൂപ ചെലവായി.  2022 ഏപ്രിൽ മുതൽ ഡിസംബർ വരെ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചെലവായ 47,769 രൂപയും ഇതേ കാലത്ത് ഇതേ ക്ലിനിക്കിൽ മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ 28,646 രൂപയും അനുവദിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയും ഭാര്യയും 2021 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചികിത്സയ്ക്ക് ചെലവഴിച്ച 42,057 രൂപയും അനുവദിച്ച് ഉത്തരവായി. സെക്രട്ടേറിയേറ്റ് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ 2020 ഡിസംബർ 30 ന് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. ഇതേ വർഷം ജൂലൈ മുതൽ 2021 മാർച്ച് മൂന്ന് വരെ ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിലുമായി അദ്ദേഹത്തിനും ഭാര്യക്കും ചെലവായ 32,905 രൂപയും അനുവദിച്ചു. 2022 ഡിസംബർ മുതൽ 2023 ഓഗസ്റ്റ് വരെ മുഖ്യമന്ത്രിക്കും ഭാര്യക്കും ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ 62,874 രൂപ ചെലവായതും സർക്കാർ അനുവദിച്ചു. 2021 സെപ്തംബർ 29 മുതൽ 2022 മാർച്ച് 29 വരെ മുഖ്യമന്ത്രിക്കും ഭാര്യക്കുമായി ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചെലവായ 76,199 രൂപയും സർക്കാർ അനുവദിച്ചു. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവർത്തിച്ച് പറയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios