മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സർക്കാർ തിരിച്ചെടുത്തു
റിവ്യൂ കമ്മിറ്റിയുടെ ശുപാർശയിലാണ് നടപടി. വകുപ്പ് തല അന്വേഷണത്തിൽ ഗോപാലകൃഷ്ണനെതിരെ കുറ്റം തെളിയിക്കാൻ ആയില്ലെന്നാണ് കണ്ടെത്തൽ.
തിരുവനന്തപുരം : മതാടിസ്ഥാനത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെ സർക്കാർ സർവീസിലേക്ക് തിരിച്ചെടുത്തു. റിവ്യൂ കമ്മിറ്റിയുടെ ശുപാർശയിലാണ് സസ്പെൻഷൻ പിൻവലിച്ചത്. വകുപ്പ് തല അന്വേഷണത്തിൽ ഗോപാലകൃഷ്ണനെതിരെ കുറ്റം തെളിയിക്കാൻ ആയില്ലെന്നാണ് കണ്ടെത്തൽ.
വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തതും ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
മതത്തിന്‍റെ കള്ളിയിൽ ഉദ്യോഗസ്ഥരെ വേര്‍തിരിക്കും വിധം ഗ്രൂപ്പുണ്ടാക്കിയത് വിവാദമായതിന് പിന്നാലെ മുസ്ലീം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും ഉണ്ടാക്കുകയായിരുന്നു കെ ഗോപാലകൃഷ്ണൻ. വിവാദമായതോടെ ഫോൺ ഹാക്ക് ചെയ്തെന്നായിരുന്നു വാദം. ഫോൺ റീസെറ്റ് ചെയ്താണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കെ ഗോപാലകൃഷ്ണൻ ഹാജരാക്കിയത്. ഹിന്ദു, മുസ്ലിം വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സംരക്ഷിച്ചുള്ള ചാര്‍ജ്ജ് മെമ്മോയിലെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ മൊബൈൽ ഹാക്ക് ചെയ്തെന്ന് പൊലീസിന് കള്ളപരാതി നൽകിയതും മുസ്ലീം ഐഎഎസ് ഗ്രൂപ്പ് ഉണ്ടാക്കിയതും ഒന്നും പരാമർശിക്കാതെയായിരുന്നു ഗോപാലകൃഷ്ണനെതിരായ ചാർജ്ജ് മെമ്മോ.