ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ അനുവദിച്ചു
വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി.
തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി.
കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസ നിധി വഴി ധനസഹായം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ധനസഹായം അനുവദിച്ച് ഉത്തരവിട്ടത്. അതേസമയം കുടുംബത്തിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കിയാല്‍ പോരെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. കുടുംബത്തിന് സര്‍ക്കാര്‍ വീടും സ്ഥലവും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ദുഃഖകരമായ സംഭവമാണെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. ആലുവയിൽ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ എന്തിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയാണെന്നും അത് പൊലീസിന്റെ മനോവീര്യം തകർക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം വിമർശിച്ചു.
കുട്ടിയെ കാണാതായെന്ന് പൊലീസിന് പരാതി ലഭിച്ചത് സംഭവ ദിവസം വൈകിട്ട് ഏഴര മണിക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാത്രി 9 മണിക്ക് തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ പ്രതി പൊലീസിന് തെറ്റായ വിവരം നൽകി. പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്. ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ഇതിനകത്ത് ആരും രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...