ട്രിവാൻഡ്രം ക്ലബിന്റെ കൈവശമുളള 5.5 ഏക്കർ ഭൂമി, ഉടമസ്ഥാവകാശം തെളിയിക്കാൻ രേഖകളില്ല, തണ്ടപ്പേർ സർക്കാർ റദ്ദാക്കി
തുടർ നടപടികൾക്ക് ലാന്റ് റവന്യു കമ്മീഷണറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഉടമസ്ഥാവകാശം നിയമപരമായി തെളിയിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് ക്ലബ് ഭാരവാഹികൾ പറയുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിന്റെ കൈവശം ഇരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഭൂമിയുടെ തണ്ടപ്പേർ റവന്യു വകുപ്പ് റദ്ദാക്കി. തുടർ നടപടികൾക്ക് ലാന്റ് റവന്യു കമ്മീഷണറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഉടമസ്ഥാവകാശം നിയമപരമായി തെളിയിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് ക്ലബ് ഭാരവാഹികൾ പറയുന്നത്.
തലസ്ഥാന നഗരമധ്യത്തിൽ കോടികൾ വിലമതിക്കുന്ന 5.50 ഏക്കറിലാണ് വർഷങ്ങളായി ഉടമസ്ഥാവകാശ തർക്കം നടക്കുന്നത്. ക്ലബ് ക്ലബിന്റേതെന്നും സർക്കാർ അതല്ലെന്നും വാദിക്കുന്ന ഭൂമി ഏറ്റെടുക്കന്നതിന് ഉള്ള ന്ർണ്ണായക നീക്കത്തിലാണ് റവന്യു വകുപ്പ്. ഉടമസ്ഥാവകാശം തെളിയിക്കുന്ന മതിയായ രേഖകൾ ക്ലബിന്റെ കൈവശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തണ്ടപ്പേർ റദ്ദാക്കിയത്.
തിരുവനന്തപുരം വഴുതക്കാട്ടെ ഭൂമി സർക്കാർ വകയെന്ന് രേഖകൾ ഉദ്ധരിച്ച് ഉത്തരവിറക്കിയ റവന്യു വകുപ്പ് തുടർനടപടികൾക്ക് ലാൻഡ് റെവന്യൂ കമ്മീഷണറെയും ചുമതലപ്പെടുത്തി. 1902 മുതൽ കൈവശം വയ്ക്കുന്ന ഭൂമിയെന്ന ക്ലബ് അധികൃതരുടെ വാദം തള്ളിയാണ് നടപടി. ഭൂനികുതി ഒടുക്കുന്നു എന്നത് ഉടമസ്ഥാവകാശമല്ലെന്ന് ഉത്തരവിൽ എടുത്ത് പറയുന്നുണ്ട്. 1946 മുതൽ യൂറോപ്യൻ ക്ലബ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് 1991ൽ ട്രിവാൻഡ്രം ക്ലബ് പ്രവർത്തനമാരംഭിക്കുന്നത്. പക്ഷേ, രണ്ട് വ്യത്യസ്ത സ്ഥാപനങ്ങൾ ആയതിനാൽ കൈവശവകാശ തുടർച്ച അവകാശപ്പെടാൻ ആവില്ലെന്ന് റവന്യൂ വകുപ്പിന്റെ വാദം.. സ്വാതന്ത്ര്യത്തിന് മുൻപുള്ള രേഖകളിൽ പണ്ടാരപ്പാട്ടം വകയെന്നു രേഖപ്പെടുത്തിയ ഭൂമി ക്ലബിന് പാട്ടത്തിന് നൽകിയതാണെന്നു രേഖകൾഉണ്ട്. അതേസമയം വർഷങ്ങളായി കൈവശമിരിക്കുന്ന ഭൂമിയിൽ ഒരു അവകാശ തർക്കത്തിനും പഴുതില്ലെന്നാണ് ക്ലബ് ഭാരവാഹികൾ പറയുന്നത്. ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ട് പോയാൽ നിയമപരമായി പ്രതിരോധിക്കാനാണ് തീരുമാനം.