കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്: നടപടി വൈകിപ്പിച്ച് കേരളം, ഈ മാസം 24 വരെ സര്‍ട്ടിഫിക്കറ്റ് വേണ്ട
25നകം ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്താനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്.
തിരുവനന്തപുരം: ഗൾഫിൽ നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയ തീരുമാനം വൈകിപ്പിച്ച് സംസ്ഥാന സർക്കാർ. 24 വരെ ഗള്‍ഫിൽ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണ്ട. നാളെ മുതൽ നടപ്പാക്കാൻ തീരുമാനിച്ചത് 25 മുതൽ നിർബന്ധമാക്കിയാൽ മതിയെന്നാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനം.
25നകം ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്താനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്. അഞ്ച് ദിവസം കൊണ്ട് എല്ലാ എംബസികളിലും സംവിധാനമൊരുക്കാനാണ് ശ്രമം.
ഇതിനിടെ കേരളത്തിലേക്ക് ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം ആക്കിയത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. സംസ്ഥാന സർക്കാരിന്റെ നയത്തിൽ ഇടപെടുന്നില്ല എന്നായിരുന്നു ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിലപാടെടുത്തത്.
ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർക്ക് മാത്രം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം ആക്കുന്നത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് ഹർജിക്കാരൻ ആയ കെഎസ്ആർ മേനോന്റെ അഭിഭാഷകൻ കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹർജിക്കാരന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനെയും സംസ്ഥാന സർക്കാരിനെയും സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ നിലപാട് തേടിയിരിക്കുകയാണ് കേരള ഹൈക്കോടതി. വന്ദേഭാരത് മിഷൻ വഴി വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ എന്ന് അറിയിക്കാനാണ് നിർദ്ദേശം. ഈ ഹര്‍ജി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്.