മുരളീധരന് എന്തും പറയാം; സംസ്ഥാനത്തിന്റെ ഇടപെടൽ നിയമപരമെന്ന് എ കെ ബാലൻ
ഏത് ഏജൻസിയെയും സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും, നിയമവിരുദ്ധമായി ഇടപെടുമ്പോൾ മാത്രമാണ് സർക്കാർ അത് ചോദ്യം ചെയ്യുന്നതെന്നും എ കെ ബാലൻ വിശദീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനം സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അഴിമതികൾ പുറത്ത് വരുമെന്ന ഭയമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരനൻ്റെ പ്രസ്താവന തള്ളി എ കെ ബാലൻ. മുരളീധരന് എന്തും പറയാമെന്നും നിയമപരമായി മാത്രമാണ് സംസ്ഥാനത്തിന്റെ ഇടപെടലെന്നും നിയമ മന്ത്രി പറയുന്നു. ഏത് ഏജൻസിയെയും സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും, നിയമവിരുദ്ധമായി ഇടപെടുമ്പോൾ മാത്രമാണ് സർക്കാർ അത് ചോദ്യം ചെയ്യുന്നതെന്നും എ കെ ബാലൻ വിശദീകരിച്ചു.
പൊലീസ് ആക്ട് ഭേദഗതിയിൽ മാധ്യമങ്ങൾക്കു എതിരെ ഒരു നീക്കവുമില്ലെന്നും അപകീർത്തി പ്രചരണം തടയാൻ മാത്രമാണ് ഭേദഗതിയെന്നും ബാലൻ പറഞ്ഞു. സ്ത്രീകൾക്ക് ഉപകാരപ്പെടാനാണ് നീക്കമെന്നാണ് വിശദീകരണം. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന എന്തെങ്കിലും നിയമത്തിൽ ഉണ്ടെങ്കിൽ പരിശോധിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. എവിടെ എങ്കിലും എന്തെങ്കിലും കണ്ടാണ് പ്രതിപക്ഷ നേതാവ് വിമർശിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.
സ്വന്തം നിലക്കുള്ള സിബിഐ അന്വേഷണത്തെ വിലക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണ്. ലൈഫിലെ സിബിഐ അന്വേഷണമാണ് നീക്കത്തിന് കാരണമെന്ന് നിയമമന്ത്രി എ കെ ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിബിഐയെ വിലക്കാനുള്ള സിപിഎം നിർദ്ദേശത്തെ സിപിഐ പിന്തുണച്ചപ്പോൾ സർക്കാർ ശ്രമം അഴിമതി മൂടിവെക്കാനാണെന്നാണ് പ്രതിപക്ഷ വിമർശനം.
ദേശീയ അന്വേഷണ ഏജൻസികൾ സംസ്ഥാനത്തെ വിവിധ കേസുകളിൽ പിടിമുറുക്കുമ്പോഴാണ് സിബിഐയെ പടിക്ക് പുറത്താക്കാനുള്ള നടപടി. സിബിഐ അന്വേഷണത്തിന് കേരളം നൽകിയ പൊതു അനുമതി പിൻവലിക്കണമെന്ന ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശം നടപ്പാക്കാനാണ് സർക്കാർ നീക്കം. ബംഗാൾ, ഛത്തീസ്ഗഡ്, മഹാരാഷ്ട്രാ പോലുള്ള സംസ്ഥാനങ്ങൾ സിബിഐ അന്വേഷണത്തിനുള്ള പൊതു അനുമതി പിൻവലിച്ചത് മാതൃകയാക്കാനാണ് കേരളത്തിൻ്റെ ശ്രമം. സിബിഐ വിലക്കിൽ സിപിഐക്കും യോജിപ്പാണ്.
ദേശീയ അന്വേഷണ ഏജൻസികളെ രാഷ്ട്രീയപ്രേരിതമായി കേന്ദ്രം ഉപയോഗിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ വിമർശനവും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ സിബിഐക്കുള്ള പൊതുഅനുമതി പിൻവലിച്ചതും വിമർശനങ്ങളെ നേരിടാൻ സിപിഎം ആയുധമാക്കുന്നു. എന്നാൽ കെപിസിസി സർക്കാർ തീരുമാനത്തിനെതിരാണ്.
പൊതു അനുമതി പിൻവലിക്കുന്നതിൽ മന്ത്രിസഭാ തീരുമാനമെടുത്താൽ മതിയെന്നാണ് നിയമവകുപ്പ് വിശദീകരണം. ഉത്തരവിറങ്ങിയാൽ സിബിഐ അന്വേഷണം കോടതിയും സംസ്ഥാനസർക്കാറും ആവശ്യപ്പെടുന്ന കേസുകളിൽ മാത്രമായി ചുരുങ്ങും.