കാര്‍ഷിക രംഗത്ത് ക്യൂബന്‍ മാതൃക പിന്തുടരാന്‍ കേരളം

നേരത്തെ പൊതു ആരോഗ്യരംഗത്തും സംസ്ഥാനം ക്യൂബന്‍ മാതൃക പിന്തുടര്‍ന്നിരുന്നു.
 

Kerala follows Cubaun model in agriculture sector

തിരുവനന്തപുരം: കാര്‍ഷിക മേഖലയില്‍ കേരളം നടപ്പാക്കാനൊരുങ്ങുന്നത് ക്യൂബന്‍ മാതൃക. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  കാര്‍ഷിക രംഗത്ത് സ്വയംപര്യാപ്തമാകുന്നതിന്റെ ആവശ്യകത മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കാര്‍ഷിക രംഗത്തെ ആധുനികവത്കരണത്തിന്റെയും യന്ത്രവത്കരണത്തിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. നിരവധി രാജ്യങ്ങളിലെ കാര്‍ഷിക രീതി വിലയിരുത്തിയ ശേഷമാണ് ക്യൂബന്‍ മാതൃകയായിരിക്കും സംസ്ഥാനത്തിന് യോജിച്ചതെന്ന വിലയിരുത്തലില്‍ എത്തിയത്. 

അന്താരാഷ്ട്ര വിലക്കിനെ തുടര്‍ന്ന് 90കളിലാണ് ക്യൂബ ഭക്ഷ്യസ്വയം പര്യാപ്തക്കായി കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തിയത്. ഭരണാധികാരിയായിരുന്ന ഫിഡല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഉപയോഗമില്ലാതെ കിടന്നിരുന്ന ഭൂമി മുഴുവന്‍ കാര്‍ഷിക ഭൂമിയാക്കി പരിവര്‍ത്തനപ്പെടുത്തിയും യന്ത്രവത്കരിച്ചുമാണ് ക്യൂബ കാര്‍ഷിക രംഗത്തെ വികസിപ്പിച്ചത്. 
കാര്‍ഷിക മേഖലക്ക് പുറമെ മാംസ, പാല്‍, മുട്ട മേഖലയെയും ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്ന് ഭക്ഷ്യക്ഷാമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്.  

തരിശായിക്കിടക്കുന്ന ഭൂമിയില്‍ കൃഷി വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. 25000 ഹെക്ടറില്‍ നെല്‍കൃഷി വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ പൊതു ആരോഗ്യരംഗത്തും സംസ്ഥാനം ക്യൂബന്‍ മാതൃക പിന്തുടര്‍ന്നിരുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios