മഹാപ്രളയത്തിന്റെ പേരിലും മണൽക്കൊള്ള: കോടിക്കണക്കിന് രൂപയുടെ മണൽ കടത്തി
പുഴയില്‍ മോട്ടോര്‍ സ്ഥാപിച്ചാണ് വന്‍തോതില്‍ മണൽ ഊറ്റുന്നത്. രണ്ടു കടവുകളിൽ നിന്നായി നൂറ് കണക്കിന് ലോഡ് മണലാണ് ദിവസവും ലോറികളില്‍ കയറ്റിപ്പോകുന്നത്
ആലപ്പുഴ: മഹാപ്രളയത്തില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാനുള്ള കരാറിന‍്റെ മറവില്‍ പുഴകളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മണല്‍ കടത്തുന്നു. ആലപ്പുഴ, പത്തനംതിട്ട അതിര്‍ത്തിയിലെ വരട്ടാര്‍, ആദി പമ്പ നദികളില്‍ നിന്നാണ് കഴിഞ്ഞ അഞ്ച് മാസമായി ദിവസേന ലോറികളില്‍ മണൽ കടത്തുന്നത്. ചെളി നീക്കുന്നതിന് പകരം മണൽ കൊള്ളയാണ് നടത്തുന്നതെന്നും ഇതവസാനിപ്പക്കണം എന്നും ആവശ്യപ്പെട്ട് കരാറുകാരന് ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നോട്ടീസ് നൽകി.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിര്‍ത്തികളിലൂടെ ഒഴുകുന്ന പുഴകളാണ് വരട്ടാറും ആദിപമ്പയും. 2018 ലെ മഹാപ്രളയത്തിൽ ഇരുപുഴകളിലൂം എക്കലും ചെളിയും അടിഞ്ഞു കൂടി. ചെളി നീക്കി നദികളെ പഴയ സ്ഥിതിയിലാക്കാൻ ജലസേചന വകുപ്പ് കഴിഞ്ഞ സെപ്തംബറിൽ കരാര്‍ നല്‍കി. കരാർ ഏറ്റെടുത്തത് ആലപ്പുഴ സ്വദേശി പ്രവീണ്‍കുമാര്‍. ജനുവരിയില്‍ ജോലിയും തുടങ്ങി.പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. പുഴയില്‍ മോട്ടോര്‍ സ്ഥാപിച്ചാണ് വന്‍തോതില്‍ മണൽ ഊറ്റുന്നത്. രണ്ടു കടവുകളിൽ നിന്നായി നൂറ് കണക്കിന് ലോഡ് മണലാണ് ദിവസവും ലോറികളില്‍ കയറ്റിപ്പോകുന്നത്.
ഊറ്റിയെടുത്ത മണല്‍ സമീപത്തെ പല യാര്‍ഡുകളിലായി കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ചെളി നീക്കുന്നതിന് പകരം കരാറുകാരൻ മണല്‍ കൊള്ള നടത്തുന്നത് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന രേഖയും പുറത്തുവന്നു. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് കൊല്ലം ഇറിഗേഷന്‍ ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കരാറുകാരന് നല്‍കിയ നോട്ടീസാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. നാല് മാസം കൊണ്ട് 6,42,273 ക്യൂബിക് മീറ്റർ ചെളി നീക്കാനായിരുന്നു കരാര്‍. കാലാവധി കഴിഞ്ഞിട്ടും ആവശ്യപ്പെട്ടതിന്‍റെ ഒരു ശതമാനം പൊലും ചെളി നീക്കിയിട്ടില്ല. പകരം മണല്‍ മാത്രം വേര്‍തിരിച്ച് കടത്തുന്നു. ഇത് അവസാനിപ്പിക്കണം എന്നാണ് നോട്ടീസിൽ പറയുന്നത്.
ജോലി തുടങ്ങി ഇതുവരെ അഞ്ച് മാസം പിന്നിട്ടു. പതിമൂന്നര കിലോമീറ്റര്‍ നീളമുള്ള വരട്ടാറിന്‍റെ 300 മീറ്ററിൽ മാത്രമാണ് ഇത് വരെ പണി പൂര്‍ത്തിയായിട്ടുള്ളത്. കരാർ കാലാവധി വരുന്ന സെപ്തംബർ വരെ നീട്ടി. അതുവരെ എത്രമാത്രം മണലൂറ്റുമെന്ന ചോദ്യമാണ് ബാക്കി.