സിബിഎസ്ഇ, ഐസിഎസ്ഇ ഫലപ്രഖ്യാപനം വേഗത്തിലാക്കാൻ ഇടപെടണം; കേന്ദ്രത്തിന് കത്തയച്ച് വിദ്യാഭ്യാസ മന്ത്രി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കാണ്, മന്ത്രി വി.ശിവൻകുട്ടി കത്തയച്ചത്, ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യം

Kerala Education Minister V Sivankutty sends letter to centre

തിരുവനന്തപുരം: സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക്, മന്ത്രി വി.ശിവൻകുട്ടിയുടെ കത്ത്. കേരളത്തിലെ പ്ലസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യം. ജൂലൈ 18ന് ആണ് സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
പ്രവേശന നടപടികൾ വൈകിപ്പിച്ചത് മറ്റ് സിലബസിലെ വിദ്യാർത്ഥികളെ കൂടി പരിഗണിക്കുന്നതിന് വേണ്ടിയായിരുന്നു എന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  ജൂലൈ 18ന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നതെങ്കിൽ, സിബിഎസ്, ഐസിഎസ്ഇ വിദ്യാർത്ഥികളെ, അലോട്ട്മെന്റിന്റെ സപ്ലിമെന്ററി ഘട്ടത്തിൽ മാത്രമേ പരിഗണിക്കാൻ സാധിക്കൂ എന്നും വിദ്യാഭ്യാസ മന്ത്രി കത്തിൽ വ്യക്തമാക്കി. 

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ഹയർ സെക്കണ്ടറി വകുപ്പിന്റെ ഏക ജാലക പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ മാസം 18 വരെ അപേക്ഷ സമർപ്പിക്കാം. 21 നാണ് ട്രയൽ അലോട്ട്മെന്റ്. 27 നാണ് ആദ്യ അലോട്ട്മെന്റ്. പ്രവേശനത്തിന് മുന്നോടിയായി, വിവിധ ജില്ലകളിൽ സീറ്റ് കൂട്ടി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു.

തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ മേഖലയിൽ 30 ശതമാനവും എയ‍്‍ഡഡ് മേഖലയിൽ 20 ശതമാനവും സീറ്റാണ് പ്ലസ് വണിന് വര്‍ധിപ്പിച്ചത്. എയ‍്ഡഡ് സ്കൂളുകള്‍ ആവശ്യപ്പടുന്ന പക്ഷം പത്ത് ശതമാനം സീറ്റ് കൂടി വര്‍ധിപ്പിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍, എയ‍്ഡഡ് മേഖളകളിൽ 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചു. ഇതിനുപുറമെ കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 79 ഉള്‍പ്പെടെ 81 ബാച്ചുകള്‍ ഈ വര്‍ഷവും തുടരാനും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 

അപേക്ഷ എങ്ങനെ?

www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹയർ സെക്കണ്ടറി സൈറ്റിലെത്തുക. തുടർന്ന്, PUBLIC എന്നതിനു താഴെനിന്ന് പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങൾ, അപേക്ഷയ്ക്കുള്ള യൂസർ മാനുവൽ എന്നിവ ഡൗൺലോഡ് ചെയ്ത്, വ്യവസ്ഥകൾ പഠിക്കുക.

ഓൺലൈനായി മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഹയർ സെക്കണ്ടറി സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോഗിൻ ചെയ്യുക. മൊബൈൽ ഒടിപി വഴി പാസ്‌വേഡ് നൽകി വേണം അപേക്ഷിക്കേണ്ടത്. ഓപ്ഷൻ സമർപ്പണം, ഫീസടയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇതേ ലോഗിൻ വഴി തന്നെ. യൂസർ മാനുവലിലും പ്രോസ്പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിലും അപേക്ഷിക്കാനുള്ള പടിപടിയായ നിർദേശങ്ങളുണ്ട്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios