ഡോക്ടർ വന്ദന ദാസിന്‍റെ കൊലപാതകിക്കെതിരെ നടപടി, സസ്പെൻഡ് ചെയ്തു; കർശനമായ തുടർനടപടി ഉണ്ടാകുമെന്നും മന്ത്രി
നേരത്തെ സസ്പെൻഷനിലായിരുന്നു എന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തിരുവനന്തപുരം: ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകി ജി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം വകുപ്പ് തല അന്വേഷണം നടത്തിയാണ് സസ്പെൻഷൻ. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് ജി സന്ദീപ്. നാടിനെ നടുക്കിയ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. നേരത്തെ സസ്പെൻഷനിലായിരുന്നു എന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ് അറിയിച്ചു. കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ ഓഫീസിന്‍റെ അറിയിപ്പ്
ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകി ജി. സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്പെൻഷൻ.നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് ജി.സന്ദീപ്. കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. വെളിയം ഉപജില്ലയിലെ എയ്ഡഡ് സ്കൂൾ ആയ യുപിഎസ് വിലങ്ങറയിൽ നിന്ന് തസ്തിക നഷ്ടപ്പെട്ട് സംരക്ഷിതാധ്യാപകനായി 2021 ഡിസംബർ 14 മുതൽ കുണ്ടറ ഉപജില്ലയിലെ എയ്ഡഡ് സ്കൂൾ ആയ യുപിഎസ് നെടുമ്പനയിൽ ഹെഡ് ടീച്ചർ വേക്കൻസിയിൽ യു പി എസ് ടി ആയി ജോലി നോക്കുകയായിരുന്നു സന്ദീപ്.
ഡോക്ടർ വന്ദനയുടെ കൊലപാതകം: പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേ? വിമർശനവുമായി ഹൈക്കോടതി
അതേസമയം ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് പ്രത്യേക സിറ്റിംഗ് നടത്തിയ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനോട് നാളെ ഓൺലൈനായി കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഡോക്ടർ വന്ദനയ്ക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം. സ്ഥലം മജിസ്ട്രേറ്റ് താലൂക്കാശുപത്രി സന്ദർശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് നാളെ രാവിലെ റിപ്പോർട്ട് നൽകണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവ്. പ്രതികളെ മജിസ്ട്രേറ്റുമാർക്ക് മുന്നിൽ ഹാജരാക്കുമ്പോഴുളള അതേ സുരക്ഷാ ക്രമീകരണങ്ങൾ ഡോക്ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോഴും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ അതിനുളള നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. നാളെ രാവിലെ 10ന് കേസ് കോടതി വീണ്ടും പരിഗണിക്കും.