കൊലപാതകം നടന്നത് 20 മിനിട്ടിൽ, പുലർച്ചെ 4.41 മുതൽ 5.04 വരെ സംഭവിച്ചത്; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും
പുലർച്ചെ 4:41 നാണ് സന്ദീപുമായി പൊലിസ് ആശുപത്രിയിലെത്തുന്നത്. പിന്നാലെ ഒ പി ടിക്കറ്റ് എടുത്തു. 4:53 ന് ഡ്രസിംഗ് മുറിയിലെ ദൃശ്യങ്ങൾ സന്ദീപ് വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സന്ദീപ് ആക്രമണം തുടങ്ങിയത്
കൊച്ചി: ഡോക്ടർ വന്ദനയുടെ കൊലപാതകം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് പൊലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. പ്രതിയെ ആശുപത്രിയിലെത്തിച്ചതുമുതലുള്ള വിശദമായ വിവരങ്ങൾ അടങ്ങുന്നതാണ് റിപ്പോർട്ട്. കൊലപാതകവും അക്രമവും അടക്കം ആശുപത്രിയിലെ സംഭവങ്ങളെല്ലാം നടന്നത് 20 മിനിട്ടിനുള്ളിലായിരുന്നു. പുലർച്ചെ 4:41 നാണ് സന്ദീപുമായി പൊലിസ് ആശുപത്രിയിലെത്തുന്നത്. പിന്നാലെ ഒ പി ടിക്കറ്റ് എടുത്തു. 4:53 ന് ഡ്രസിംഗ് മുറിയിലെ ദൃശ്യങ്ങൾ സന്ദീപ് വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സന്ദീപ് ആക്രമണം തുടങ്ങിയത്. പുലർച്ചെ 4:53 നും 5.03 നും ഇടയിലായിരുന്നു അക്രമസംഭവങ്ങൾ അരങ്ങേറിയത്.
കൊലയാളിക്ക് ആയുധം എവിടുന്ന് കിട്ടി? കണ്ടെത്തി പൊലീസ്; ആദ്യം തലക്ക് കുത്തി, പിന്നെ തുരുതുരാ കുത്തി
ആദ്യം ബന്ധു രാജേന്ദ്രനെയാണ് പ്രതി ആക്രമിച്ചത്. രാജേന്ദ്രനെ ചവിട്ടി വീഴ്ത്തിയ സന്ദീപ്, കത്രിയെടുത്ത് പുറത്ത് വന്ന് ബിനുവിനെ കുത്തുകയായിരുന്നു. കുത്തേൽക്കുന്നത് ബിനു പെട്ടെന്ന് ബിനു കണ്ടില്ല. ബിനുവിനെ കുത്തുന്നത് കണ്ട് തടയാൻ ശ്രമിച്ച ഹോം ഗാർഡ് അലക്സിനെ കുത്തുകയായിരുന്നു. പ്ലാസ്റ്റിക് കസേര കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ച എ എസ് ഐ മണിലാലിനും ഇതിനിടെ കുത്തേറ്റു. തടയാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ രാജേഷിനെയും പ്രതി കുത്തി. ഇതിനിടയിലായിരുന്നു വന്ദനയോടുള്ള കൊടും ക്രൂരത. 5 മണിക്ക് കുത്തേറ്റ വന്ദനയുമായി സുഹൃത്ത് ഓടി പുറത്തേക്ക് വരുന്നു. 5.04 ന് വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു. ഇതിന്‍റെയെല്ലാം സി സി ടി വി ദൃശ്യങ്ങൾ സഹിതമുള്ള വിശദമായ റിപ്പോർട്ടാണ് പൊലിസ് ഹൈക്കോടതിയിൽ സമർപ്പിക്കുക.
ഡോക്ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിൽ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന വിലയിരുത്തലടങ്ങുന്നാണ് പൊലീസ് റിപ്പോർട്ട്. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്നും ആശുപത്രിയിൽ എത്തിക്കുന്നതു വരെ പ്രകോപനം ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സന്ദീപ് മറ്റ് കേസുകളിൽ പ്രതിയല്ല. പെട്ടെന്ന് ആക്രമണം ഉണ്ടായപ്പോൾ ഇടപെട്ട പൊലീസുകാർക്കും കുത്തേൽക്കുകയായിരുന്നു. അക്രമിയെ തടയുകയാണ് ചെയ്തതെന്നും വ്യക്തമാക്കുന്നതാകും പൊലീസ് റിപ്പോർട്ട്.