കേരളത്തില്‍ പബ്ബുകള്‍ തുറക്കുന്നതിനെക്കുറിച്ച് സൂചനയുമായി മുഖ്യമന്ത്രി

രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ട്

Kerala CM speaking about starting Pubs in state

തിരുവനന്തപുരം: രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന പബ്ബുകളും ഹോട്ടലുകളും സംസ്ഥാനത്ത് ആവശ്യമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ടില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഐടി രംഗത്തും മറ്റും കൂടുതല്‍ വികസനം കൊണ്ടു വരാനും കൂടുതല്‍ വിദേശസഞ്ചാരികളെ ആകര്‍ഷിക്കാനും അവരുടെ ജീവിതശൈലിക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും ഇക്കാര്യം ഗൗരവമായി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നമ്മുടെ സംസ്ഥാനത്തിന്‍റെ വികസനത്തിനായി ചില കാര്യങ്ങള്‍ വേണ്ടി വരുമെന്ന് തന്നെയാണ് കാണുന്നത്. ഇപ്പോള്‍ രാത്രി 11 മണി വരെ ജോലി ചെയ്യുന്ന ആളുകള്‍ക്ക് രാത്രി ജോലി കഴിഞ്ഞു വന്ന് ഒരു ഹോട്ടലിലോ പബ്ബിലോ പോകണമെന്ന് തോന്നിയാല്‍ അത്തരം സൗകര്യങ്ങള്‍ ഇവിടെ ഇല്ല.  ഇതൊരു വലിയ ആക്ഷേപമായി തന്നെ ഞങ്ങളുടെ മുന്നിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അതിപ്പോള്‍ ഗൗരവമായി പരിശോധിച്ചു വരികയാണ്. കാരണം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആള്‍ക്കാര്‍ അടക്കം ഇവിടേക്ക് വരികയാണ്. നമ്മുടെ നാട്ടില്‍ തന്നെയുള്ള വലിയൊരു വിഭാഗം ഇതാഗ്രഹിക്കുന്നവരാണ് - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇവിടെയുള്ളവര്‍ക്ക് ജോലി കിട്ടിയാല്‍ ടെക്നോപാര്‍ക്കില്‍ പോകാതെ ബാംഗ്ലൂരിലേക്ക് പോകുന്ന അവസ്ഥയുണ്ടെന്ന്  അവതാരകനായ ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചപ്പോള്‍ അതു ശരിയാണെന്നും ഇക്കാര്യം താന്‍ പറയാതിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ രാത്രി വൈകും വരെ ഇരുന്ന് ജോലിയെടുത്തു വരുന്നവരാണ്. കുറച്ച് സമയമൊരു എന്‍റര്‍ടെയ്ന്‍മെന്‍റ് അവര്‍ ആഗ്രഹിക്കുമല്ലോ. അതിനുള്ള ഒരു സൗകര്യമില്ല എന്നതാണ് അവര്‍ പറയുന്നത്. അതുമൊരു ഭാഗമാണ് നാടിന്‍റെ വികസനത്തിന്. അതു കൂടി ചിന്തിക്കുന്നുണ്ട് ഗവര്‍ണ്‍മെന്‍റ് - മുഖ്യമന്ത്രി വ്യക്തമാക്കി. 

എന്നാല്‍ പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത രാജ്യസഭാ എംപി അബ്ദുള്‍ വഹാബ് മദ്യവര്‍ജനമാണ് ഈ സര്‍ക്കാരിന്‍റെ മുദ്രാവാക്യമെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ മദ്യവര്‍ജനം ഇപ്പോഴും നടക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വിമുക്തി എന്ന പേരില്‍ വലിയൊരു പരിപാടി മദ്യം ഉപേക്ഷിക്കുന്നതിനും വര്‍ജിക്കുന്നതിനുമായി നടക്കുന്നുണ്ട്.  അത് വേറെ ഭാഗത്ത്. അതു നടന്നോട്ടെ പക്ഷേ ഒരു ഭാഗത്ത് ഇതു വേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം കൊടുക്കണമല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. ബിവറേജ് കോര്‍പറേഷന്‍റെ മദ്യവില്‍പനശാലകള്‍ ക്യൂ ഒഴിവാക്കി കുറേക്കൂടി വൃത്തിയായും ചിട്ടയായും നടത്തണമെന്ന നിര്‍ദേശം ഒരാള്‍ മുന്നോട്ട് വച്ചപ്പോള്‍ ഇക്കാര്യം പരിഗണിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  

Latest Videos
Follow Us:
Download App:
  • android
  • ios