രാജ്യത്തെ നടുക്കിയ ദുരന്തം: കേരളത്തിന്റെ മനസും പിന്തുണയും ഒഡീഷയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി

മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി.

kerala cm reaction on Odisha train accident joy

തിരുവനന്തപുരം: രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ദാരുണമായ ട്രെയിനപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും അതിലേറെ ആളുകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷമഘട്ടത്തില്‍ കേരളത്തിന്റെ മനസും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. 

അതേസമയം, ട്രെയിന്‍ അപകടത്തെ തുടര്‍ന്നുള്ള മരണം 280ലെത്തിയിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുണ്ട്. ആയിരത്തിലേറെ ആളുകള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ചികിത്സയില്‍ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നു. സംഭവത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നുവെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. അപകടത്തില്‍ പെട്ടവര്‍ക്ക് എല്ലാ സഹായവും നല്‍കും. എയിംസ് ആശുപത്രികളിലടക്കം സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ മുഴുവന്‍ ശ്രദ്ധയും രക്ഷാപ്രവര്‍ത്തനത്തിലാണെന്നും മന്ത്രി പറഞ്ഞു. ട്രെയിന്‍ ഗതാഗതം വേഗത്തില്‍ പുനഃസ്ഥാപിക്കും. അന്വേഷണത്തെ കുറിച്ച് പറയുന്നത് ഇപ്പോള്‍ ഉചിതമാകില്ല. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കും. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി അശ്വിനി വൈഷ്ണവ് വിശദമാക്കി.

ട്രെയിന്‍ അപകടത്തില്‍പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചു. ചെന്നൈയില്‍ നിന്ന് ഭുവനേശ്വറിലേക്കാണ് പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പുറപ്പെടുന്ന സമയം തീരുമാനിച്ചിട്ടില്ല. ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിച്ച് സീറ്റ് ബുക്ക് ചെയ്യാം. 044 25330952, 044 25330953, 044 25354771.

  ഇതിന് മുൻപും അപകടത്തിൽപ്പെട്ട് കോറമണ്ഡൽ എക്സ്പ്രസ്, രാജ്യം വിറങ്ങലിച്ച പ്രധാന ട്രെയിൻ ദുരന്തങ്ങൾ


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം 

Latest Videos
Follow Us:
Download App:
  • android
  • ios