ലിഫ്റ്റടിച്ചുള്ള ബൈക്ക് യാത്രക്കിടെ അപകടം, പൊലീസ് അറിഞ്ഞില്ല: കൊവിഡ് ബാധിച്ച് മരണം, സന്ദർശകർ നിരവധി
അപകടത്തിന് ശേഷം ഇദ്ദേഹത്തെ പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹം യാത്ര ചെയ്ത ബൈക്ക് നിർത്താതെ പോയി. ബൈക്ക് ഓടിച്ചിരുന്നയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല
തിരുവനന്തപുരം: ഇന്ന് രാവിലെ തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന് അപകടത്തിൽ പരിക്കേറ്റ വിവരം പൊലീസ് അറിഞ്ഞിരുന്നില്ല. ഇരുചക്ര വാഹനത്തിന്റെ പുറകിലിരുന്ന് യാത്ര ചെയ്ത വർഗീസ് തലയിടിച്ച് താഴെ വീണാണ് പരിക്കേറ്റത്.
അപകടത്തിന് ശേഷം ഇദ്ദേഹത്തെ പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹം യാത്ര ചെയ്ത ബൈക്ക് നിർത്താതെ പോയി. ബൈക്ക് ഓടിച്ചിരുന്നയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.
ഫാദർ വർഗീസ് ഇയാളുടെ ബൈക്കിൽ വഴിയിൽ വച്ച് കൈ കാണിച്ച് കയറുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയിലെത്തിയെങ്കിലും ഇതേപ്പറ്റി പൊലീസിനെ വിവരമറിയിക്കുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ഉണ്ടായില്ലെന്നാണ് വിവരം. അതിനാൽ തന്നെ മണ്ണന്തല പൊലീസ് അപകട വിവരം അറിഞ്ഞതുമില്ല. ഇതിന് പിന്നാലെ ആശുപത്രിയിൽ നിരവധി പേരാണ് വൈദികനെ സന്ദർശിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് നാലാഞ്ചിറ ബെനഡിക്ട് നഗർ സ്വദേശിയായ ഫാദർ കെ ജി വർഗീസ് മരിച്ചത്. മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അപകടത്തിൽ പരിക്കേറ്റാണ് എത്തിയതെങ്കിലും ഇദ്ദേഹത്തിന് പനിയുണ്ടായിരുന്നു. ഇത് പിന്നീട് മൂർച്ഛിച്ച് ന്യൂമോണിയയായി.
ഇതേ തുടർന്ന് സ്രവ പരിശോധന നടത്തി. നാലാഞ്ചിറ ഭാഗത്ത് കൊവിഡ് ബാധിച്ച മറ്റ് ആളുകൾ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്നും വ്യക്തമായിട്ടില്ല. വൈദികനുമായി ബന്ധപ്പെട്ട എല്ലാവരെയും ക്വാറന്റീനിലാക്കാനുള്ള ശ്രമത്തിലാണ് പൊലീസും ആരോഗ്യവകുപ്പ് അധികൃതരും.