ഐടിഐ ലിമിറ്റഡിന് 8.66 കോടി, സി-ഡിറ്റിനും പണം കിട്ടും; ലൈസൻസ് അച്ചടിച്ച വകയിലുള്ള കുടിശ്ശിക 15 കോടി അനുവദിച്ചു

സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഇതോടനുബന്ധിച്ച് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് സ്കീം - 2024 അംഗീകരിച്ചു.

Kerala Cabinet decided to pay the outstanding amount due in the form of a printed driving licence vkv

തിരുവനന്തപുരം:  സംസ്ഥാനത്ത് ലൈസൻസ്- ആർ.സി .ബുക്ക് അച്ചടിക്കുള്ള പ്രതിസന്ധിക്ക് പരിഹാരമാകുന്നു. അച്ചടി കമ്പനികള്‍ക്കുള്ള കുടിശിക നൽകാനായി 15 കോടി രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുടിശിക കാരണം അഞ്ചുമാസമായി സംസ്ഥാനത്ത് ലൈസൻസ് അച്ചടി നിർത്തിവച്ചിരിക്കയായിരുന്നു. ഡ്രൈവിംഗ് പരീക്ഷ ജയിച്ചവർക്ക് ലൈസൻസ് കൈയിൽ കിട്ടാത്തതിനാൽ വാഹനവുമായി പുറത്തിറങ്ങാനാകുന്നില്ല, വാഹനം വാങ്ങിയിട്ടും ആർ.സി ബുക്ക് ലഭിക്കാത്തിനാൽ വണ്ടി നിരത്തിലിറക്കാനാകുന്നില്ല. ഈ സ്ഥിതി കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഈ പ്രതിസന്ധി പരിഹരിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ബംഗല്ലൂരു ആസ്ഥാനമായ ഐടിഐ ലിമിറ്റഡ് എന്ന കമ്പനിയുമായാണ് മോട്ടോർ വാഹനവകുപ്പ് അച്ചടിക്ക് കരാർ നൽകിയത്. കരാറിൽ ധനവകുപ്പ് ചില ചോദ്യങ്ങള്‍ ഉന്നയിച്ചതോടെയാണ് പണം തടഞ്ഞുവച്ചത്. അങ്ങനെ കുടിശിക കൂടിയപ്പോള്‍ കമ്പനി അച്ചടിയും നിർത്തിവച്ചു. 9 ലക്ഷത്തി 50,000 അപേക്ഷകളാണ് കെട്ടികിടക്കുന്നത്. കുടിശിക വരുത്തിയതിനാൽ സി-ഡിറ്റ് നൽകിയിരുന്ന ഫെസിലിറ്റി മാനേജുമെന്‍റ് സർവ്വീസുകളും നിർത്തി. ഇതിനെല്ലാം പുറമേ രേഖകള്‍ തപാൽ മാർഗം അയച്ചതിൽ ആറു കോടി പോസ്റ്റൽ വകുപ്പിനും നൽകാനുണ്ട്. 

പ്രതിസന്ധി പരിഹരിക്കാൻ  15 കോടി അനുവദിക്കണമെന്ന ഗതാഗതവകുപ്പിന്‍റെ ആവശ്യം പരിഗണിച്ചാണ് പണംഅനുവദിച്ചത്. കരാറിനെ കുറിച്ച് ധനവകുപ്പ് ഉന്നയിച്ച സംശയങ്ങള്‍ക്ക് ഉടൻ കൂടുതൽ വിശദീകരണം നൽകുമെനനാണ് ഗതാഗതവകുപ്പ് നിലപാട്. പണം ഉടൻ അനുവദിക്കുമെന്ന് അറിയിച്ചതോടെ ഇന്ന് കൊച്ചിയിലെ കേന്ദ്രത്തിൽ അച്ചടി ആരംഭിച്ചിട്ടുണ്ട്. ഓരോ ദിവസവും അച്ചടി പൂർത്തിയാകുന്ന മുറക്ക് കെഎസ്ആർടിസി ബസ്സുകളിൽ രേഖകള്‍ ആർ.ടി.ഒ ഓഫീസുകളിൽ എത്തിക്കും. ഓഫീസിൽ നേരിട്ടെത്തി വേണം രേഖകള്‍ ശേഖരിക്കാൻ. തപാലിനുള്ള കുടിശിക തീർക്കാൻ പണം ഇല്ലാത്തിനാലാണ് നേരിട്ടുള്ള വിതരണം.

സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഇതോടനുബന്ധിച്ച് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് സ്കീം - 2024 അംഗീകരിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗശൂന്യമായി  കിടക്കുന്ന സ്ഥലങ്ങളിലാണ്  ക്യാമ്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കുക. വ്യവസായ ആവശ്യത്തിനായി സ്ഥല ലഭ്യതയുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് സർക്കാർ ആവിഷ്കരിച്ച നവീന പദ്ധതിയാണ് ക്യാമ്പസ് വ്യവസായ പാർക്ക്.  ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് ഇവ ആരംഭിക്കുന്നത് വഴി വിദ്യാർത്ഥി സമൂഹത്തിൽ വ്യവസായ സംരംഭകത്വം വളർത്താനും വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളിലൂടെ പുതുതായി കണ്ടെത്തുന്ന ഉൽപ്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനം വേഗത്തിൽ ആരംഭിക്കുന്നതിനുള്ള സംവിധാനം കൂടി ആവിഷ്കരിക്കും.
 
മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയാം

മാക്കേക്കടവ് - നേരേക്കടവ് പാലം നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും : ആലപ്പുഴ തുറവൂര്‍ - പമ്പാ റോഡില്‍ വെമ്പനാട് കായലിന് കുറുകെയുള്ള മാക്കേക്കടവ് - നേരേക്കടവ് പാലം നിര്‍മ്മാണത്തിന്‍റെ തുടര്‍ പ്രവൃത്തിക്കുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ നിര്‍ദേശം അംഗീകരിച്ചു. ഇതോടെ ബാക്കിയുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനാകും. 

ആശ്രിത നിയമനം : പാലക്കാട് പട്ടാമ്പിയിലെ പ്രഭാകരന്‍റെ മകന്‍ എം പി പ്രവീണിന് പട്ടിക ജാതി വികസന വകുപ്പിന്‍റെ കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കുളില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ നിയമനം നല്‍കും. അതിക്രമത്തിന് ഇരയായി മരണപ്പെടുന്ന പട്ടികജാതി-പട്ടിക വര്‍ഗത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്ന പദ്ധതി പ്രകാരമാണിത്. പ്രഭാകരന്‍ ഒരു കൂട്ടം ആളുകളുടെ ആക്രമണത്തില്‍ 2015ലാണ് മരണപ്പെട്ടത്. 

സാധൂകരിച്ചു :  ഇടുക്കി, രാജകുമാരി, മുരിക്കാശ്ശേരി, നെടുങ്കണ്ടം, കരിമണ്ണൂര്‍, കട്ടപ്പന എന്നീ 6 പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെ  174 താല്ക്കാലിക തസ്തികകള്‍ക്കും, തൃശ്ശൂര്‍ ജില്ലയിലെ തൃശൂര്‍ യൂണിറ്റ് നമ്പര്‍ വണ്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ 29 താല്ക്കാലിക തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി ദീര്‍ഘിപ്പിച്ച് നല്‍കിയത് സാധൂകരിച്ചു. 

ശമ്പള പരിഷ്ക്കരണം : രണ്ടാം  ദേശിയ ജുഡീഷ്യല്‍ ശമ്പള കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ച് സംസ്ഥാനത്തെ വിജിലന്‍സ് ട്രൈബ്യൂണൽമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അലവന്‍സുകളും 2016 ജനുവരി ഒന്ന് പ്രാബല്യത്തില്‍ പരിഷ്കരിക്കും.

സേവനകാലാവധി ദീര്‍ഘിപ്പിച്ചു : മലബാര്‍ ഇന്‍റര്‍നാഷണല്‍ പോര്‍ട്ട് ആന്‍‍ഡ് സെസ് ലിമിറ്റഡ് കമ്പനിയുടെ എംഡിയായ  എല്‍.രാധാകൃഷ്ണന്‍റെ സേവനകാലാവധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു. കോട്ടൂര്‍ ആന പുനരവധിവാസ കേന്ദ്രത്തിന്‍റെയും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്‍റെയും സ്പെഷ്യല്‍ ഓഫീസറായ കെ ജെ വര്‍ഗീസിന്‍റെ നിയമനകാലാവധി ദീര്‍ഘിപ്പിച്ചു. 

മുദ്രവിലയില്‍ ഇളവ് : ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റി ഏറ്റെടുക്കുന്ന കൊല്ലം, പെരിനാട് വില്ലേജിലെ വസ്തുവും തൃക്കരുവ വില്ലേജിലെ വസ്തുവും രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷന്‍ ഫീസ് ഇനങ്ങളിലുള്ള തുക ഇളവ് ചെയ്യും.

Read More : 

Latest Videos
Follow Us:
Download App:
  • android
  • ios