ഇന്ന് മുതല്‍ ജീവിതച്ചെലവേറും; ബജറ്റ് നിര്‍ദേശത്തിലെ നിരക്ക് വര്‍ധന നിലവില്‍ വന്നു, പ്രതിഷേധവുമായി യുഡിഎഫ്

ബജറ്റിലെ നിര്‍ദേശത്തെ തുടര്‍ന്നുള്ള നിരക്ക് വര്‍ധന നിലവില്‍ വന്നു. പെട്രോളിനും ഡീസലിനും ഇന്ന് മുതൽ 2 രൂപ അധികം നൽകണം.

kerala budget 2023 petrol diesel tax liquor increases in kerala from today nbu

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ജീവിതച്ചെലവേറും. ബജറ്റിലെ നിര്‍ദേശത്തെ തുടര്‍ന്നുള്ള നിരക്ക് വര്‍ധന നിലവില്‍ വന്നു. പെട്രോളിനും ഡീസലിനും ഇന്ന് മുതൽ 2 രൂപ അധികം നൽകണം. ക്ഷേമെ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവിൽ വന്നത്. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്‍റെ വിലയും ഇന്ന് മുതലാണ് കൂടുന്നത്. മദ്യവിലയിൽ പത്ത് രൂപയുടെ വരെ വ്യത്യാസം ഉണ്ടാകും. പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്.

അതേസമയം, കെട്ടിട നിർമ്മാണ പെർമിറ്റ് അടക്കം തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസിനങ്ങൾ കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറങ്ങി. തദ്ദേശ സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുമെന്ന ബജറ്റ് നിർദേശത്തിന്‍റെ ചുവട് പിടിച്ചാണ് തദ്ദേശ ഭരണ വകുപ്പ് ഫീസ് നിരക്കുകൾ കൂട്ടി ഉത്തരവിറക്കിയത്. കെട്ടിട നിർമാണത്തിനുള്ള പെർമിറ്റിനും ലൈസൻസിനും ചെലവേറും. പഞ്ചായത്തുകളിൽ ലൈസൻസ് അപേക്ഷാ ഫീസ് ച.മീറ്ററിന് 300 മുതൽ 3000 രൂപ വരെയായി ഉയരും. മുൻസിപ്പാലിറ്റിയിൽ 300 മുതൽ 4000 വരെയും കോർപറേഷനിൽ 300 മുതൽ 5000 വരെയുമാണ് പുതുക്കിയ ഫീസ് നിരക്ക്. ഏപ്രിൽ പത്ത് മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.

Also Read: പെട്രോളിന് മുതൽ കളിപ്പാട്ടത്തിന് വരെ വില വർദ്ധിക്കും; ഏപ്രിൽ 1 മുതൽ സുപ്രധാന മാറ്റങ്ങൾ

ജനദ്രോഹ നികുതികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് ഇന്നു കരിദിനം ആചരിക്കും.മുഴുവന്‍ പഞ്ചായത്തിലും നഗരങ്ങളിലും പകല്‍സമയത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് കരിങ്കൊടി ഉയര്‍ത്തി പന്തം കൊളുത്തി പ്രതിഷേധിക്കും. തിരുവനന്തപുരത്ത് രാവിലെ 11ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തും.യുഡിഎഫ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios