പാലക്കാട് കെ മുരളീധരനെ ഡിസിസി നിർദ്ദേശിച്ചിരുന്നുവെന്ന് കെ സി വേണുഗോപാൽ; 'സതീശൻ ശൈലി മാറ്റേണ്ട'
മുരളീധരനായി കത്തെഴുതിയെന്ന് പറയുന്നവരും ഇപ്പോൾ പ്രചാരണത്തിൽ മുന്നിൽ തന്നെയുണ്ട്. കത്ത് പുറത്ത് വന്നത് സംബന്ധിച്ച് പിന്നീട് ചർച്ച ചെയ്യാമെന്നും കെ സി വേണുഗോപാൽ.
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ കെ മുരളീധരന്റെ പേര് ഡിസിസി നിർദ്ദേശിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് കെ സി വേണുഗോപാൽ. രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിക്കും മുൻപ് മുരളീധരനോട് കൂടി സംസാരിച്ചായിക്കുമല്ലോ പാർട്ടി തീരുമാനം എടുത്തതെന്ന് വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മുരളീധരനായി കത്തെഴുതിയെന്ന് പറയുന്നവരും ഇപ്പോൾ പ്രചാരണത്തിൽ മുന്നിൽ തന്നെയുണ്ട്. കത്ത് പുറത്ത് വന്നത് സംബന്ധിച്ച് പിന്നീട് ചർച്ച ചെയ്യാമെന്നും കെസി പറയുന്നു,
വി ഡി സതീശൻ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഈ പാർട്ടിയിൽ വേണുഗോപാലോ സതീശനോ ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാൻ പറ്റില്ല. ഒരു നേതാവ് വിചാരിച്ചാൽ മാത്രം കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാനാകില്ല. പാർട്ടിക്കുള്ളിൽ ആർക്കെങ്കിലും മുഖ്യമന്ത്രി മോഹമുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റെന്നും തനിക്ക് മുഖ്യമന്ത്രിയാകാൻ മോഹമില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.
Also Read: ഉപതെരഞ്ഞെടുപ്പ് പ്രചാരണം വാശിയേറിയ രണ്ടാം ഘട്ടത്തിൽ; കളം നിറഞ്ഞ് മുന്നണി സ്ഥാനാർത്ഥികൾ
ഗാന്ധികുടുംബത്തെ അധിക്ഷേപിക്കാൻ ഫാക്ടറി നടത്തുകയാണ് ബിജെപിയെന്ന് കെ സി വേണുഗോപാൽ വിമര്‍ശിച്ചു. അവരോടൊപ്പം ചേർന്നാണ് വൺഡേ സുൽത്താനയെന്ന് പി ജയരാജൻ പ്രിയങ്കയെ വിളിച്ചത്. പ്രിയങ്ക വരുന്നതോടെ പാർലമെന്റിൽ ഇന്ത്യ സഖ്യം സുസജ്ജമാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് വ്യക്തമാണ്. പെട്രോൾ പമ്പ് അനുവദിച്ചതിലെ ബിനാമി ഇടപാട് കേന്ദ്ര സർക്കാർ അന്വേഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം