കാവലും കവചവുമില്ലാതെ പാലക്കാട് ജില്ലയിലെ കട്ടിൽമാടം കോട്ട; ചരിത്രസ്മാരകം അപകടാവസ്ഥയിൽ
സംരക്ഷകരില്ലാത്തതിനാൽ കോട്ട കാലങ്ങളായി അനാഥമാണ്. പുരാവസ്തു വകുപ്പിനെന്താ ഇങ്ങോട്ടെന്ന് തിരിഞ്ഞ് നോക്കിയാലെന്ന് ചോദിക്കാത്തവരില്ല.
പാലക്കാട്: പാലക്കാടിന് ജൈന സംസ്കൃതിയുമായുള്ള അടുപ്പത്തിൻ്റെ അടയാളങ്ങളിൽ ഒന്നായ കട്ടിൽമാടം കോട്ടയ്ക്ക് ഇന്ന് കവചമൊരുക്കാനോ, സംരക്ഷിക്കാനോ ആരുമില്ല. പെരുമ്പിലാവ് നിലമ്പൂർ സംസ്ഥാന പാതയുടെ ഓരത്തെ കെട്ടിടം അപകടഭീഷണിയിലാണ്. കഴിഞ്ഞ ദിവസം ഇതുവഴി പോയ വാഹനം ഇടിച്ച് തകരാറും പറ്റി. ശിൽപശിലയുടെ ഒരു ഭാഗം അടർന്ന് വീണു. നിരവധി ഭാരവാഹനങ്ങൾ ഇരമ്പിപ്പായുന്ന പാതയോരത്താണ് ഈ ചരിത്രപ്രാധാന്യമുള്ള കോട്ട.
സംരക്ഷകരില്ലാത്തതിനാൽ കോട്ട കാലങ്ങളായി അനാഥമാണ്. പുരാവസ്തു വകുപ്പിനെന്താ ഇങ്ങോട്ടെന്ന് തിരിഞ്ഞ് നോക്കിയാലെന്ന് ചോദിക്കാത്തവരില്ല. ചതുരാകൃതിയാലണ് ഈ കരിങ്കൽ ശിൽപം. കരുവിരുതിൻ്റെ കലവറയെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തം. ദക്ഷിണേന്ത്യയിലെ ബുദ്ധ- ജൈനമതങ്ങളുടെ സ്വാധീനം ശക്തമായിരുന്ന കാലത്താണ് നിർമാണം എന്നാണ് വിശ്വസിക്കപ്പെടുന്നത്. കരിങ്കൽ ശില്പത്തിൽ ജൈനമത തീർത്ഥങ്കരൻമാരുടെ രൂപമെന്നാണ് പറയപ്പെടുന്നത്.
2004 ജനുവരിയിൽ ലാൻറ് റവന്യൂ കമ്മീഷണർ കട്ടിൽ മാടം കോട്ടയുടെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിന് കൈമാറിയിരുന്നു. നേരത്തെ ഇത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായിരുന്നു. പൊതുനിരത്തിനോട് തൊട്ടു കിടക്കുന്ന ചരിത്ര സ്മാരകം സംരക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പുകാർ യാതൊരു നടപടിയും എടുത്തിരുന്നില്ല. എന്നാൽ കൈമാറി കിട്ടിയിട്ടും പുരാവസ്തു വകുപ്പുകാരും സംരക്ഷണ പരിചരണ നടപടികൾ ഇന്നേവരെ സ്വീകരിച്ചിട്ടില്ല.
കാലപ്പഴക്കത്താൽ മുഖ കവാടത്തിലെ കൂറ്റൻ കരിങ്കൽ പാളികൾ അടർന്നുവീണെങ്കിലും പിൻഭാഗത്ത് കാര്യമായ പോറൽ ഏറ്റിരുന്നില്ല. എന്നാൽ ഇപ്പോഴാവട്ടെ പിൻഭാഗത്തോട് ചേർന്ന കോണിലാണ് കല്ല് അടർന്ന് നാശം സംഭവിച്ചത്. കോട്ടയുടെ ഉൾവശം ചെറിയൊരു കിണർ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ മദ്യ കുപ്പികളും മറ്റു മാലിന്യങ്ങളും ചുമരെഴുത്തുകളും മാത്രമേ കാണാനാവുകയുള്ളൂ. അനുദിനം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന അപൂർവ്വ കരിങ്കൽ ശില്പം കൃത്യമായി പരിചരിക്കാനും ശാശ്വതമായി സംരക്ഷിക്കാനും പൂർവ്വ ചരിത്ര സ്മൃതി സംബന്ധിച്ച് സഞ്ചാരികൾക്ക് അറിവ് പകർന്നു നൽകാനും സംവിധാനം ഒരുക്കേണ്ടതാണ്. വരുതലമുറയ്ക്ക് ചരിത്രസ്മാരകം പകർന്നു നൽകേണ്ട ദൗത്യങ്ങൾ കട്ടിമാടം കോട്ടയ്ക്കുമുണ്ടല്ലോ.