'നീ ഇത്തവണ റിമാന്‍ഡാണ്, നോക്കിക്കോ..'; പൊലീസില്‍ നിന്ന് നേരിട്ടത് ക്രൂരമര്‍ദ്ദനം, വിവരിച്ച് 18കാരന്‍
പൊലീസ് സ്റ്റേഷന് മുന്നിലെത്തിച്ചതും എസ്.ഐ കരണത്ത് അടിച്ചാണ് അകത്ത് കയറ്റിയത്. പിന്നീട് ഫയല്‍ റൂമിലെത്തിച്ച ശേഷം എസ്.ഐയുടെയും സി.പി.ഒ മനുവിന്റെയും നേതൃത്വത്തില്‍ അതിക്രൂരമായ മര്‍ദനമാണ് അരങ്ങേറിയതെന്ന് ആസിഫ്.
കട്ടപ്പന: കട്ടപ്പന എസ്.ഐയും സി.പി.ഒയും കള്ളക്കേസിൽ കുടുക്കി സ്റ്റേഷനിലെത്തിച്ച് മർദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി 18കാരന്‍. പൊലീസില്‍ നിന്ന് നേരിട്ടത് അതിക്രൂരമായ മര്‍ദനമാണെന്ന് പുളിയന്മല സ്വദേശി മടുകോലിപ്പറമ്പില്‍ ആസിഫ് പറഞ്ഞു. ബൈക്ക് ഇടിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി ആസിഫിനെതിരെ കള്ളക്കേസ് എടുത്തുവെന്ന പരാതിയില്‍ കട്ടപ്പന സ്റ്റേഷനിലെ എസ്‌ഐ എന്‍.ജെ സുനേഖ്, സിപിഒ മനു പി ജോസ് എന്നിവരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സംഭവത്തെ കുറിച്ച് ആസിഫ് പറഞ്ഞത്: ''സംഭവ ദിവസം കൂട്ടുകാരനെ കൊണ്ടു വിടുന്നതിനായി രണ്ടു ബൈക്കുകളിലായി നാലുപേര്‍ വരികയായിരുന്നു. ഈ സമയം പിന്നാലെ എത്തിയ വാഹനം ലൈറ്റ് ഇട്ടു കാണിച്ചപ്പോള്‍ മറ്റു ബൈക്കിലുള്ളവരോട് സംസാരിച്ച് വന്നിരുന്ന ആസിഫും സുഹൃത്തും ഇരട്ടയാറ്റില്‍ കാണാമെന്ന് പറഞ്ഞ് മുന്നോട്ടു പോന്നു. ലൈറ്റിട്ട് കാണിച്ചത് പൊലീസ് ജീപ്പാണെന്ന് അറിഞ്ഞിരുന്നില്ല. പിന്നാലെ വന്ന കൂട്ടുകാരനെ കാണാത്തതിനാല്‍ തിരികെ അന്വേഷിച്ചു ചെന്നു. പഴയ സ്ഥലത്തിറങ്ങി നടന്നു ചെന്നപ്പോള്‍ മനു എന്ന ഉദ്യോഗസ്ഥന്‍ തലമുടിക്ക് പിടിച്ച് വലിച്ചിഴച്ച് പൊലീസ് വാഹനത്തിനരുകിലെത്തിച്ചു.''
''തള്ളി അകത്തേയ്ക്കിട്ടപ്പോള്‍ സുഹൃത്ത് അതിനകത്തിരുന്ന് കരയുന്നതാണ് കാണുന്നത്. ഈ സമയം എസ്.ഐ സുനേഖ് ഡോറിന്റെ സൈഡില്‍ വന്നു പറഞ്ഞു. 'നീ ഇത്തവണ റിമാന്‍ഡാണ് നോക്കിക്കോ'. പിന്നീട് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോകുമ്പോള്‍ മനുവെന്ന പൊലീസുകാരനും എസ്.ഐയും അമ്മയെ കുറിച്ച് വളരെ മോശമായി സംസാരിച്ചു. പൊലീസ് സ്റ്റേഷന് മുന്നിലെത്തിച്ചതും എസ്.ഐ വന്ന് കരണത്ത് അടിച്ചാണ് അകത്ത് കയറ്റിയത്. പിന്നീട് ഫയല്‍ റൂമിലെത്തിച്ച ശേഷം എസ്.ഐയുടെയും സി.പി.ഒ മനുവിന്റെയും നേതൃത്വത്തില്‍ അതിക്രൂരമായ മര്‍ദനമാണ് അരങ്ങേറിയത്. എസ്.ഐ നടുവിന് ഇടിച്ചിട്ട് രണ്ടു കാലുകള്‍ക്കിടയിലായി ഞെരുക്കിയ ശേഷം പുറത്ത് അതിക്രൂരമായി മര്‍ദിച്ചു. നിലത്ത് വീണ് കിടന്ന തന്നെ മനു ചവിട്ടി. തുടര്‍ന്ന് വസ്ത്രങ്ങള്‍ അഴിച്ച് മാറ്റി പുറത്തിരുത്തി. കുറച്ചു സമയത്തിന് ശേഷം വസ്ത്രം ധരിക്കാന്‍ നല്‍കി. കഴിഞ്ഞ തവണ നീ ബൈക്ക് പുറത്തിറക്കി രക്ഷപ്പെട്ടു, ഇത്തവണ അതൊന്ന് കാണണം എന്നു പറഞ്ഞായിരുന്നു ക്രൂരമര്‍ദനം.''-ആസീഫ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ആസിഫിന്റെ മാതാവ് ഷാമില സാജന്‍ മുഖ്യമന്ത്രിക്ക് അടക്കം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും അന്വേഷണത്തിനും ഉത്തരവായത്. എറണാകുളം റേഞ്ച് ഡിഐജിയുടെതാണ് നടപടി. ഉദ്യോഗസ്ഥനെ ബൈക്ക് ഇടിച്ചു അപായപ്പെടുത്തുവാന്‍ ശ്രമിച്ചെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
ഏപ്രില്‍ 25ന് രാത്രിയാണ് ആരോപണത്തിനിടയായ സംഭവം നടന്നത്. വാഹന പരിശോധനയ്ക്കിടെ ബൈക്കുകളില്‍ എത്തിയ ആസിഫും ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് യുവാക്കളും ചേര്‍ന്ന് സിപിഒ മനു ജോണിനെ ഇടിച്ചു തെറിപ്പിച്ച് അപായപ്പെടുത്തുവാന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്. എന്നാല്‍ ഈ കേസ് വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കട്ടപ്പന എസ്‌ഐ കെട്ടിച്ചമച്ചതെന്ന് ആരോപിച്ചാണ് ആസിഫിന്റെ മാതാവ് പരാതിയുമായി രംഗത്തെത്തിയത്. കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്ത ആസിഫിനെ സ്റ്റേഷനില്‍ എത്തിച്ച് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്ന് വ്യക്തമാകുന്ന ഫോണ്‍ സംഭാഷണവും ഇതിനിടെ പുറത്ത് വന്നിരുന്നു. ഇരട്ടയാറില്‍ വച്ച് ബൈക്കില്‍ സഞ്ചരിച്ചപ്പോള്‍ പിന്തുടര്‍ന്ന് വന്നാണ് പൊലീസ് പിടികൂടിയതെന്നും ഭയന്ന് ബൈക്ക് ഉപേക്ഷിച്ചു ഓടിയപ്പോള്‍ പിന്നാലെ ഓടി വന്ന സിപിഒ മനുവിന് നിലത്ത് വീണാണ് പരുക്കേറ്റതെന്നും കേസില്‍ അകപ്പെട്ട പതിനേഴുകാരന്‍ മൊഴി നല്‍കിയിരുന്നു.
മദ്യലഹരിയില്‍ പൊലീസിന് നേരെ അക്രമം, തെറി വിളി; യുവതികള്‍ പിടിയില്‍, വീഡിയോ