കാട്ടാക്കട സംഭവം ദൗർഭാഗ്യകരമെന്ന് ഗതാഗത മന്ത്രി, കർശന നടപടി ഉണ്ടാകും; കെഎസ്ആർടിസി വിജിലൻസ് അന്വേഷണം തുടങ്ങി

'വിദ്യാർത്ഥി ഒറ്റത്തവണ മാത്രമേ കോഴ്സ് സർട്ടിഫിക്കറ്റ് നൽകേണ്ടതുള്ളൂ. അത് അക്കാദമിക് വർഷത്തിന്റെ ആദ്യം നൽകിയാൽ മതി. അതിന്റെ പേരിലാണ് കൺസഷൻ അനുവദിക്കാൻ കാലതാമസം ഉണ്ടായതെങ്കിൽ ഉദ്യോഗസ്ഥൻ സമാധാനം പറയേണ്ടി വരും'

Kattakkada incident, Minister Antony Raju seeks report, Says strict action If employee found guilty

തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് കെഎസ്ആർടിസി ജീവനക്കാർ അച്ഛനെ മ‍ർദ്ദിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നടന്ന സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആ‍ർടിസി വിജിലൻസിനോട് നിർദേശിച്ചിട്ടുണ്ട്. വൈകീട്ട് 5 മണിക്കകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ തെറ്റാണ് സംഭവിച്ചത്. തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും ആന്റണി രാജു പറഞ്ഞു. വിദ്യാർത്ഥി ഒറ്റത്തവണ മാത്രമേ കോഴ്സ് സർട്ടിഫിക്കറ്റ് നൽകേണ്ടതുള്ളൂ. അത് അക്കാദമിക് വർഷത്തിന്റെ ആദ്യം നൽകിയാൽ മതി. അതിന്റെ പേരിലാണ് കൺസഷൻ അനുവദിക്കാൻ കാലതാമസം ഉണ്ടായതെങ്കിൽ ഉദ്യോഗസ്ഥൻ സമാധാനം പറയേണ്ടി വരും.  ഇക്കാര്യത്തിലും വിശദമായ അന്വേഷണം ഉണ്ടാകും. കെഎസ്ആർടിസി ജനങ്ങളുടേതാണെന്നും മന്ത്രി പറഞ്ഞു.

കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് അച്ഛനെ മ‍ര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍

മകളുടെ പാസ്സിന്റെ ആവശ്യാർത്ഥം കാട്ടാക്കട ഡിപ്പോയിൽ എത്തിയ ആമച്ചൽ സ്വദേശി പ്രേമനെയാണ് മകൾക്ക് മുന്നിലിട്ട് കെഎസ്ആർടിസി ജീവനക്കാർ വളഞ്ഞിട്ട് മ‍ര്‍ദ്ദിച്ചത്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ കണ്‍സെഷൻ ടിക്കറ്റ് പുതുക്കി നൽകൂ എന്ന് ജീവനക്കാര്‍ പ്രേമനോട് പറഞ്ഞു. ഒരു മാസം മുൻപ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാൻ  സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമൻ പറഞ്ഞു. എന്നാൽ അതു നിങ്ങളാണോ തീരുമാനിക്കുക എന്ന് ജീവനക്കാര്‍ തിരികെ ചോദിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമൻ പറഞ്ഞതോടെ ജീവനക്കാര്‍ പ്രകോപിതരാക്കുകയും കാര്യങ്ങൾ കൈയ്യേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.

അതേസമയം, ഓഫീസിലെത്തി ബഹളം വച്ചയാളെ പൊലീസിന് കൈമാറാൻ ശ്രമിക്കുക മാത്രമാണ് ജീവനക്കാര്‍ ചെയ്തത് എന്നാണ് കെഎസ്ആര്‍ടിസി സ്റ്റേഷൻ മാസ്റ്ററുടെ വിശദീകരണം. ഇതിനിടെ, മന്ത്രിയുടെ നിർദേശപ്രകാരം കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാട്ടാക്കടയിൽ ചികിത്സയിലുള്ള പ്രേമന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. 
 

Latest Videos
Follow Us:
Download App:
  • android
  • ios