അതിർത്തി അടച്ച സംഭവം: രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളെ രണ്ടായി കാണില്ലെന്ന് കോടതി

അതിർത്തി പ്രശ്നം സംബന്ധിച്ച് കേരളം അപേക്ഷ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ മാർഗനിർദ്ദേശം പുറപ്പെടുവിക്കാൻ സമയം വേണം

Kasaragod Karnataka border issue Kerala High court order

കൊച്ചി: കാസർകോട് അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ ശക്തമായ വാദപ്രതിവാദം. രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളെ രണ്ടായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എല്ലാവരും ഇന്ത്യ എന്ന രാജ്യത്തെ പൗരന്മാരാണെന്നും കോടതി പറഞ്ഞു.

അതിർത്തി പ്രശ്നം സംബന്ധിച്ച് കേരളം അപേക്ഷ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ മാർഗനിർദ്ദേശം പുറപ്പെടുവിക്കാൻ സമയം വേണം. ആംബുലൻസ് കടത്തിവിടാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കർണാടകം ഇത് സമ്മതിച്ചില്ല.

തങ്ങൾ മാത്രമല്ല മറ്റ് പല സംസ്ഥാനങ്ങളും അതിർത്തികൾ അടച്ചെന്നും കർണാടക പറഞ്ഞു.  പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര സർകാർ പറഞ്ഞു. ഇതിന് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി ചർച്ച നടത്തണം. ഒരു ദിവസം കൂടി സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഭരണഘടന നൽകുന്ന അവകാശം ആണ് ചോദിക്കുന്നത് എന്ന് ഹർജിക്കാർ പറഞ്ഞു. ഔദാര്യം അല്ല ചോദിക്കുന്നതെന്നും വ്യക്തമാക്കി. വിഷയത്തിൽ ഇടപെടാൻ കേരള ഹൈക്കോടതിക്ക് അധികാര പരിധിയില്ലെന്ന് കർണാടകം മറുവാദം ഉന്നയിച്ചു. മംഗലാപുരത്ത് ഒൻപത് കൊവിഡ് ബാധിതരുണ്ട്. കാസർകോഡ് നൂറ് കൊവിഡ് ബാധിതരുണ്ട്. അതുകൊണ്ടുതന്നെ അതിർത്തി തുറക്കില്ലെന്ന തങ്ങളുടെ നിലപാടിന് ന്യായമുണ്ടെന്നും കർണാടകം വാദിച്ചു.

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചു തന്നെ ആണ് സംസ്ഥാനം അതിർത്തി അടച്ചതെന്നും ഇന്റർ സ്റ്റേറ്റ് മൂവ്മെന്റ് പാടില്ലെന്നും കേന്ദ്രം പറഞ്ഞു. കർണാടകം രണ്ടു റോഡുകൾ തുറന്നിട്ടുണ്ടെന്നും മൂന്നാമതൊരെണ്ണം തുറക്കാനാകില്ലെന്നും വീണ്ടും കർണാടകം പറഞ്ഞു.

കേരളത്തിൽ ഉള്ളവ്വരും ഞങ്ങളുടെ സഹോദരങ്ങൾ ആണ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ വഴി തുറക്കാനാവില്ല. മംഗലാപുരവും കുടക് റൂട്ടുകളും തുറക്കാനാകില്ലെന്നും കർണാടകം കോടതിയിൽ വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് സംസ്ഥാനങ്ങളിലെ ജനങ്ങളെ വെവ്വേറെ കാണാനാവില്ലെന്ന് കോടതി പറഞ്ഞത്. എല്ലാവരും ഇന്ത്യാക്കാരാണെന്ന കാര്യവും കോടതി ഓർമ്മിപ്പിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios