മൊയ്തീന്റെ ബെനാമികളെന്ന് ആരോപണം: 2 ബിസിനസുകാർക്ക് കരുവന്നൂർ ബാങ്കിൽ നിന്ന് കിട്ടിയത് കോടികൾ

കണ്ണൂരില്‍ നിന്നുള്ള സിപിഎം നേതാക്കളുമായുള്ള ബന്ധമാണ് സതീശന് കരുവന്നൂരിൽ വഴികളെല്ലാം തുറന്നു കൊടുക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപണം ഉയർത്തിയിട്ടുണ്ട്

Karuvannoor bank loan fraud case AC Moideen ANil Seth Satheesan kgn

തൃശ്ശൂർ: സിപിഎം നേതാക്കളുടെ ബെനാമി ഇടപാടുകാർ എന്ന ആരോപണം നേരിടുന്നവർക്ക് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് അനുവദിച്ചത് കോടിക്കണക്കിന് രൂപ. മതിയായ ഈടില്ലാതെയാണ് ബാങ്കില്‍ തുകകള്‍ അനുവദിച്ചത്. ഇത് കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം മുന്നോട്ട് പോകുന്നത്. നോട്ട് നിരോധന കാലത്ത് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വന്‍ തുക മാറിയെടുത്തതും ഇഡി പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയ തൃശൂരിലെ മൂന്നു വീടുകളിലൊന്ന് ചേര്‍പ്പിലെ അനില്‍ സേഠിന്‍റെതായിരുന്നു. മഹാരാഷ്ട്രയില്‍ നിന്നെത്തി 42 വർഷമായി ചേര്‍പ്പിലും പരിസര പ്രദേശങ്ങളിലും സ്വര്‍ണ വ്യാപാരവും പണ്ടം പലിശക്ക് കൊടുക്കുന്ന ബിസിനസും ചെയ്യുകയാണ് അനില്‍ സേഠ്. സഹകരണ ബാങ്കുകളിലടക്കം അടവു തെറ്റിയ സ്വര്‍ണവും വസ്തുവും ലേലത്തിലെടുക്കുന്ന ബിസിനസ്സുമുണ്ട്. ഇയാൾ കരുവന്നൂര്‍ ബാങ്കില്‍ 50 ലേറെ ചിട്ടി ചേര്‍ന്ന് കോടികള്‍ വായ്പ തരമാക്കി. ഇതിൽ ഇനിയും അഞ്ചുകോടി രൂപ അടയ്ക്കാനുണ്ട്. മൂന്നു തവണയാണ് ഇഡി അനില്‍ സേഠിനെ ചോദ്യം ചെയ്തത്. ഒടുവില്‍ എസി മൊയ്തീനൊപ്പം അനില്‍ സേഠിന്‍റെ വീടും റെയ്ഡ് ചെയ്യുകയായിരുന്നു.

ഇഡി റെയ്ഡ് നടത്തിയ രണ്ടാമത്തെ വീട് കണ്ണൂർ സ്വദേശി കോലഴിയില്‍ സ്ഥിര താമസിക്കാരനുമായ സതീശന്‍റേതാണ്. ബാഗ് നിര്‍മാണ യൂണിറ്റിലായിരുന്നു സതീശന്റെ തുടക്കം. പിന്നീട് പണമിടപാടിലേക്ക് മാറി. വായ്പ മുടങ്ങി ജപ്തിയിലായ വസ്തുക്കള്‍ തിരിച്ചെടുക്കാന്‍ ഉടമയ്ക്ക് വേണ്ടി സതീശന്‍ പണം മുടക്കും. ബാങ്കില്‍ നിന്ന് ലഭിക്കുന്ന ആധാരം കരുവന്നൂർ ബാങ്കിൽ വലിയ തുകയ്ക്ക് ഭൂ ഉടമയുടെ പേരിൽ തന്നെ പണയപ്പെടുത്തും. നിലവിലുള്ള ഭൂമിയുടെ മതിപ്പു വിലയേക്കാള്‍ കൂടുതലായിരിക്കും കരുവന്നൂരില്‍ നിന്നെടുക്കുന്ന തുക. ഇതില്‍ വലിയൊരു ഭാഗം കമ്മീഷനായി കൈക്കലാക്കും. കുറെയേറെ ഇടപാടുകൾ ഇത്തരത്തിൽ സതീശന്‍ നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍. 

കണ്ണൂരില്‍ നിന്നുള്ള സിപിഎം നേതാക്കളുമായുള്ള ബന്ധമാണ് സതീശന് കരുവന്നൂരിൽ വഴികളെല്ലാം തുറന്നു കൊടുക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപണം ഉയർത്തിയിട്ടുണ്ട്. ഇരുവരും എസി മൊയ്തീന്‍റെ ബെനാമികളാണെന്ന് അനില്‍ അക്കര ആരോപിക്കുന്നു. അഴിമതിയില്‍ ഉന്നത സിപിഎം നേതാക്കള്‍ക്കുള്ള പങ്കാളിത്തം ഉറപ്പിക്കാനുള്ള തെളിവുകള്‍ ഒന്നൊന്നായി ശേഖരിക്കുകയാണ് ഇഡി.

Latest Videos
Follow Us:
Download App:
  • android
  • ios