'ആരാണ് പൂജ ചെയ്തതെന്ന് കാലം തെളിയിക്കും, എന്നെ അനുഗ്രഹിക്കാൻ ജനങ്ങളുണ്ട്'; മൃഗബലി ആരോപണത്തിൽ ഡികെ

ഡികെ ശിവകുമാറിന്റെ മൃഗബലി ആരോപണം തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വവും ദേവസ്വം മന്ത്രിയും രം​ഗത്തെത്തിയിരുന്നു. മൃഗബലി ആരോപണം വസ്തുതാവിരുദ്ധമെന്ന് ടിടികെ ദേവസ്വം പ്രതികരിച്ചു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മൃഗബലി പൂജയുള്ള ക്ഷേത്രമല്ല. 

Karnataka Congress leader DK Shivakumar reacted to the allegation of animal sacrifice near a temple in Kerala

ബെം​ഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ മൃഗബലി നടന്നുവെന്ന പരാമർശത്തിൽ ഉറച്ച് ഡികെ ശിവകുമാർ. ആരാണ് പൂജ ചെയ്തതെന്ന് കാലം തെളിയിക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞു. ജനങ്ങൾ തന്നെ അനുഗ്രഹിക്കാൻ ഉണ്ട്. അവരുടെ പ്രാർത്ഥന കൂടെയുണ്ടെന്നും ശിവകുമാർ എഎൻഐയോട് പ്രതികരിച്ചു. 

ഡികെ ശിവകുമാറിന്റെ മൃഗബലി ആരോപണം തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വവും ദേവസ്വം മന്ത്രിയും രം​ഗത്തെത്തിയിരുന്നു. മൃഗബലി ആരോപണം വസ്തുതാവിരുദ്ധമെന്ന് ടിടികെ ദേവസ്വം പ്രതികരിച്ചു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മൃഗബലി പൂജയുള്ള ക്ഷേത്രമല്ല. ക്ഷേത്ര പരിസരത്തും മൃഗബലി പൂജകൾ നടന്നിട്ടില്ല. ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും ടിടികെ ദേവസ്വം ബോർഡ് അംഗം ടിടി മാധവൻ പറഞ്ഞു. 

ഡികെ ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പ്രതികരിച്ചു. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്നായിരുന്നു ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്‍റെ ആരോപണം. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നാണ് ഡികെയുടെ ആരോപണം. കണ്ണൂരിലാണ് മൃഗബലി നടന്നതെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് വിവരം. കർണാടകയിൽ വരാനിരിക്കുന്ന എംഎൽസി തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിന്‍റെ അവസാനമാണ് തീർത്തും അനൗദ്യോഗികമായും തമാശ മട്ടിലും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഇത്തരമൊരു പരാമർശം നടത്തുന്നത്. തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നാണ് വിവരം. കർണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയനേതാവാണ് ഇതിന് പിന്നിൽ. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏൽക്കില്ല എന്നും ഡികെ ശിവകുമാർ പറഞ്ഞു. 

എന്നാൽ കണ്ണൂരിൽ ഡി.കെ.ശിവകുമാർ ആരോപിച്ചത് പോലുളള മൃഗബലി പൂജ നടന്നിട്ടില്ലെന്നാണ് വിവരം. തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി പൂജകളില്ല. മറ്റ് വഴിപാടുകളാണ് പ്രധാനം. ശത്രുസംഹാര പൂജയ്ക്ക് പ്രസിദ്ധം മാടായി ക്ഷേത്രമാണ്. നൂറുകണക്കിന് ശത്രുസംഹാര പൂജകൾ ഇവിടെ നടക്കാറുണ്ട്. അമാവാസി ദിവസം കർണാടകത്തിൽ നിന്ന് നിരവധി പേർ ഇവിടെ എത്താറുണ്ട്. കോഴിയിറച്ചി നിവേദ്യമാണ് പ്രധാനം. എന്നാൽ മൃഗബലി ഇവിടെയില്ല. ക്ഷേത്രത്തിൽ ശിവകുമാർ പറഞ്ഞതുപോലുളള പൂജയും നടന്നിട്ടില്ല. എന്നാൽ ക്ഷേത്രത്തോട് അനുബന്ധിച്ചുളള പൂജാരിമാരിൽ ചിലർ വീടുകളിൽ പ്രത്യേക പൂജ നടത്താറുണ്ട്. അവിടെ ഇത്രയും വിപുലമായ മൃഗബലിയുൾപ്പെടെ നടന്നതായും വിവരമില്ല.

മൃഗബലി ആരോപണം; 'വസ്തുതാവിരുദ്ധം', ഡികെ ശിവകുമാറിനെ തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios